കണ്ടല്‍കാടുകള്‍ നികത്തി സമാന്തര റോഡ് നിര്‍മാണം; പ്രതിഷേധവുമായി നാട്ടുകാര്‍

Mangrove filling

Update: 2023-01-18 17:05 GMT

വടകര: കണ്ടല്‍ കാടുകളടക്കം പുഴ നികത്തി സമാന്തര റോഡ് നിര്‍മാണത്തിനെതിരേ പരാതി. നഗരസഭയിലെ 44ാം വാര്‍ഡ് കൊയിലാണ്ടി വളപ്പിലെ കിഴക്ക് ഭാഗത്ത് പുഴയോരത്താണ് സംഭവം. സാന്റ് ബാങ്ക്‌സിലേക്ക് പോവുന്ന മെയിന്‍ റോഡില്‍ നിന്ന് കണക്ട് ചെയ്തിട്ടുള്ള ടാറിട്ട ഒരു റോഡ് ഇതു വഴി പോവുന്നുണ്ട്. എന്നാല്‍, ഇത് കൂടാതെയാണ് ഈ റോഡിന് കിഴക്ക് വശത്തായുള്ള പുഴയും കണ്ടല്‍കാടുകളും നികത്തി സമാന്തര റോഡ് നിര്‍മിക്കാന്‍ ശ്രമം നടക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പ്രദേശത്ത് കൂടി മണ്ണോടുകൂടിയ ലോറികള്‍ പോവുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ രാവിലെയാണ് പുഴ നികത്താനാണ് മണ്ണ് കൊണ്ടുപോവുന്നതെന്ന് മനസ്സിലായത്. ഇതോടെ നാട്ടുകാരില്‍ ചിലര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി കെ സുധീര്‍ കുമാര്‍, വില്ലേജ് ഓഫിസര്‍ ഷീനാ ചെറിയാന്‍ എന്നിവരടങ്ങുന്ന സംഘം വരികയും, ഈ സമയം മണ്ണടിക്കാന്‍ വന്ന ഗഘ 18 ത 9093 നമ്പര്‍ ലോറി തടയുകയും ചെയ്തു. തുടര്‍ന്ന് നടത്തിയപരിശോധനയില്‍ കൃത്യമായി കൈയേറ്റം നടന്നതായി മനസ്സിലായിട്ടുണ്ട്.

ആഴമുള്ളതും ഈ ഭാഗത്തെ വീടുകള്‍ക്ക് തൊട്ടടുത്തുമായാണ് പുഴ ഉണ്ടായിരുന്നത്. എന്നാല്‍, ആവാസവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച് കൊണ്ടാണ് പ്രദേശത്ത ചിലര്‍ ചേര്‍ന്ന് പുഴ നികത്തി നൂറ് കണക്കിന് ലോഡ് മണ്ണടിച്ചിരിക്കുന്നത്. കൂടാതെ മണ്ണൊലിപ്പ് തടയുന്നതിനാവശ്യത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ കണ്ടല്‍കാടുകള്‍ ഈ പ്രദേശത്തുണ്ടായിരുന്നു. നിലവില്‍ ഇതെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. കണ്ടല്‍ കാടുകള്‍ സംരക്ഷണത്തിനായി സര്‍ക്കാര്‍ പലവിധ പദ്ധതികളും നടപ്പാക്കിവരുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് നിയമവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്.

മുമ്പ് സമാനമായ വിഷയത്തില്‍ അധികൃതര്‍ക്ക്പരാതി നല്‍കിയെങ്കിലും വില്ലേണ്ട് ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രം വന്ന് പരിശോധിക്കുകയും, കൈയേറ്റം നടന്നെന്ന് മനസ്സിലായെങ്കിലും താക്കീത് നല്‍കി വിടുകയാണ് ചെയ്തത്. ഇതെത്തുടര്‍ന്നാണ് വലിയ രീതിയിലുള്ള കൈയേറ്റം നടന്നിട്ടുള്ളത്. ഈ പ്രദേശത്ത് പുഴ നികത്തിയതോടെ ഒരു വീടിന്റെ മുന്നിലും പിന്നിലുമായാണ് റോഡ് വന്നിരിക്കുന്നത്. അമ്പത് മീറ്റര്‍ ചുറ്റളവിലാണ് രണ്ട് റോഡുകള്‍ വന്നിരിക്കുന്നത്.

കൈയേറ്റം നടത്തിയവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ ജില്ലാ കലക്ടര്‍, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍. അതേസമയം, മണ്ണിടാന്‍ വരുന്ന ലോറികള്‍ അമിതവേഗതയില്‍ വരുന്നതും പോവുന്നതും ഈ ഭാഗത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരിക്കുകയാണ്. ഇതുവഴി പോയലോറി ഒരു വീടിന്റെ മതിലില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് രാവിലെ വാക്ക് തര്‍ക്കമുണ്ടായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ പോവുന്ന സമയങ്ങളില്‍ അമിതവേഗതയില്‍ ടിപ്പര്‍ ലോറികള്‍ യാത്ര ചെയ്യരുതെന്ന നിയമം ഇവര്‍ക്ക് ബാധകമല്ലെന്ന മട്ടിലായിരുന്നു ലോറികളുടെ യാത്ര.

Tags:    

Similar News