ന്യൂഡല്‍ഹി: വിലക്കയറ്റത്തിലും യങ് ഇന്ത്യന്‍ ലിമിറ്റഡിനെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ നാളെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. 'ചലോ രാഷ്ട്രപതി ഭവന്‍' മാര്‍ച്ച് പാര്‍ലമെന്റില്‍ നിന്ന് ആരംഭിക്കും.
ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫിസിലെ യംഗ് ഇന്ത്യന്‍ ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താല്‍കാലികമായി സീല്‍ ചെയ്തിരുന്നു. ആസ്ഥാനത്തേക്കുള്ള റോഡുകള്‍ ബാരിക്കേഡ് വച്ച് അടക്കുകയും ചെയ്തു. പാര്‍ട്ടി ഉപരോധത്തിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
പാര്‍ട്ടി മേധാവി സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആസ്ഥാനവും വസതികളും സര്‍ക്കാര്‍ വളഞ്ഞിരിക്കുകയാണെന്നും 'ഭീകരവാദികള്‍' എന്ന മട്ടിലാണ് പെരുമാറുന്നതെന്നും രാജ്യത്ത് നടക്കുന്നത് അപ്രഖ്യാപിത 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.