വെറും കുഞ്ഞിരാമന്‍ 'രക്തസാക്ഷി കുഞ്ഞിരാമന്‍' ആയ നുണ അമ്പതാമാണ്ടിലും ആവര്‍ത്തിച്ച് സിപിഎം..!
പി സി അബ്ദുല്ല
കോഴിക്കോട്: വെറും കുഞ്ഞിരാമന്‍ 'രക്തസാക്ഷി കുഞ്ഞിരാമന്‍' ആയ അമ്പതാമാണ്ടിലും 'മുസ് ലിം സംരക്ഷണ'ത്തിന്റെ നുണകള്‍ ആവര്‍ത്തിച്ച് സിപിഎം. കള്ളുഷാപ്പിലെ അടിപിടിയില്‍ പരിക്കേറ്റ് മരിച്ച കുഞ്ഞിരാമനെ സിപിഎം 'രക്തസാക്ഷി'യാക്കി അവരോധിച്ചതിന്റെ പൊള്ളത്തരം കാലം പൊളിച്ചിട്ടും കുഞ്ഞിരാമനെ ഉയര്‍ത്തിക്കാട്ടി പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് പാര്‍ട്ടിയുടെ പുറപ്പാട്.
തലശ്ശേരിയില്‍ മരണപ്പെട്ട യു കെ കുഞ്ഞിരാമന്റെ അമ്പതാം ചരമ വാര്‍ഷികദിനമായ നാളെ സംസ്ഥാനത്ത് വര്‍ഗീയതയ്‌ക്കെതിരേ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം. തലശ്ശേരിയില്‍ മുസ് ലിം പള്ളി സംരക്ഷിക്കുന്നതിനിടയിലാണ് കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടതെന്ന് കാലങ്ങളായി പാര്‍ട്ടി പാടിനടക്കുന്ന നുണയും കോടിയേരി ആവര്‍ത്തിച്ചിട്ടുണ്ട്.
കുഞ്ഞിരാമന്റെ രക്തസാക്ഷിത്വ കഥ കാലം പൊളിക്കുകയും തലശ്ശേരി കലാപത്തിലടക്കം സിപിഎമ്മിന്റെ മുസ് ലിം വിരുദ്ധത ഇക്കാലയളവില്‍ അനാവരണം ചെയ്യപ്പെടുകയും ചെയ്തു. സവര്‍ണ, ഹിന്ദുത്വ പൊതു ബോധത്തിലേക്കും മുസ് ലിം വിരുദ്ധതയിലേക്കും കൂപ്പു കുത്തിയതോടെ സമൂഹമനസ്സില്‍ സിപിഎം നേരിടുന്ന കുറ്റവിചാരണകളുടെ ജാള്യം മറയ്ക്കാന്‍ കൂടിയാണ് കുഞ്ഞിരാമന്റെ വ്യാജ രക്തസാക്ഷിത്വ കഥയുമായി പാര്‍ട്ടി വീണ്ടും രംഗത്തുവരുന്നത്.
മുസ് ലിംകളെ സംരക്ഷിക്കാന്‍ സിപിഎമ്മിനേ കഴിയൂ എന്ന രാഷ്ട്രീയ കാപട്യത്തെ മറക്കാന്‍ കുഞ്ഞിരാമന്റെ ഇല്ലാത്ത രക്തസാക്ഷിത്വത്തെ പാര്‍ട്ടി ഏറെക്കാലം സമര്‍ഥമായി ഉപയോഗിച്ചു. അതിന്റെ മറവില്‍, തലശ്ശേരി കലാപത്തിലടക്കം സിപിഎം മുസ് ലിം സമുദായത്തിനെതിരേ നടത്തിയ നരനായാട്ടുകളും അരും കൊലകളും കൊള്ളകളുമൊക്കെ മറച്ചു വയ്ക്കാനും പാര്‍ട്ടിക്കു കഴിഞ്ഞു. എന്നാല്‍, കള്ളുഷാപ്പിലെ അടിപിടിയില്‍ പരിക്കേറ്റ് മരിച്ച കുഞ്ഞിരാമനെ രക്തസാക്ഷിയാക്കിയ കഥ പൊളിഞ്ഞതോടെ, തലശ്ശേരി കലാപത്തിലടക്കം വലിയ വിചാരണകളാണ് സമൂഹമനസ്സില്‍ സിപിഎം നേരിട്ടന്നത്. ആര്‍.എസ്.എസാണ് തലശ്ശേരി കലാപത്തിന് തുടക്കം കുറിച്ചതെങ്കിലും സിപിഎം ആണ് കലാപത്തില്‍ മുഖ്യ പങ്കുവഹിച്ചതെന്നാണ് തലശ്ശേരി കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജോസഫ് വിതയത്തിന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. നാലുദിവസം നടന്ന കലാപത്തില്‍ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചില്ല. എന്നാല്‍, മുസ് ലിംകളെ സാമ്പത്തികമായി തകര്‍ക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. നൂറുക്കണക്കിന് മുസ് ലിം വീടുകള്‍ കൊള്ളയടിക്കുകയും ആയിരക്കണക്കിന് പവന്‍ സ്വര്‍ണാഭരണങ്ങളും കറന്‍സികളും കൊള്ളയടിക്കപ്പെട്ട ശേഷം വീടുകള്‍ക്ക് തീയിടുകയുമായിരുന്നു. എല്ലായിടത്തും ഒരേ രീതിയിലുള്ള കൊള്ളയാണ് നടന്നത്. ചില വലിയ തറവാട് വീടുകളില്‍ ചെങ്കൊടിയും പിടിച്ച് കാവല്‍ നില്‍ക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ കയറി ഉള്ളത് മുഴുവനും കൊള്ളയടിച്ചു. സ്വര്‍ണാഭരണങ്ങള്‍ ചുവപ്പ് കൊടിയില്‍ പൊതിഞ്ഞുകൊണ്ടുപോയ സംഭവങ്ങള്‍ പോലുമുണ്ടായി. തലശ്ശേരി കലാപത്തില്‍ മുസ് ലിം വീടുകള്‍ കൊള്ളയടിക്കുന്നതില്‍ യഥാര്‍ഥത്തില്‍ ആര്‍എസ്എസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മല്‍സരിക്കുകയായിരുന്നു.
മുസ്‌ലിംലീഗ് ഇഎംഎസ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയതോടെ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ സിപിഎമ്മുകാരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം പതിവായി. ഇതിനെ അതിജീവിക്കാന്‍ സിപിഎമ്മിന് കഴിയാതെ വന്നപ്പോള്‍ അവര്‍ തേടിയ കുറുക്കുവഴിയായിരുന്നു കലാപമെന്നാണ് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടത്. കലാപത്തില്‍ മാര്‍ക്‌സിസ്റ്റ് ഗ്രാമമായ പിണറായിയിലെ പുരാതനമായ വലിയ പള്ളി തകര്‍ന്നു. മുസ്‌ലിംകളെ പൊതുധാരയില്‍ നിന്ന് അകറ്റാനുള്ള ഗൂഢാലോചനയും അരങ്ങേറി. സിപിഎമ്മിന്റെ ഘടക കക്ഷിയായ സിപിഐ ആണ് സിപിഎമ്മിന് തലശ്ശേരി വര്‍ഗീയ കലാപത്തില്‍ മുഖ്യ പങ്കുണ്ടെന്ന് ജോസഫ് വിതയത്തിന്‍ മുമ്പാകെ തെളിവ് സഹിതം മൊഴി നല്‍കിയത്.
തലശ്ശേരി വര്‍ഗീയ കലാപത്തില്‍ സംഘ്പരിവാറിന് നിര്‍ണായക പങ്കുണ്ടെങ്കിലും കലാപം ആളിപ്പടര്‍ത്തിയത് സാക്ഷാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നു കലാപം രൂക്ഷമായത്. സിപിഎം അറിയാതെ ഒരു ഇലയനങ്ങാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്‌ലിംകളായിരുന്നു കലാപത്തിന് കൂടുതലും ഇരയായത്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പള്ളികള്‍ തകര്‍ക്കപ്പെടുകയും മുസ്‌ലിം വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോള്‍ അത് തടയാന്‍ ഒരു മാര്‍ക്‌സിസ്റ്റുകാരന്‍ പോലും രംഗത്തുവന്നില്ല. സിപിഎമ്മിലെ മുസ്‌ലിം സഖാക്കള്‍ക്കും നേതാക്കള്‍ക്കുപോലും രക്ഷ കിട്ടിയില്ല. കലാപത്തിനിരയായ പാര്‍ട്ടി ഗ്രാമങ്ങളിലെ മുസ്‌ലിം കുടുംബങ്ങള്‍ അടുത്ത പ്രദേശങ്ങളിലേക്കും ബന്ധുവീടുകളിലേക്കും പലായനം ചെയ്യേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് മുസ്‌ലിം കുടുംബങ്ങളെ തുടച്ചുമാറ്റപ്പെടുകയാണുണ്ടായത്.
സിപിഎം കോട്ടകളായ കോടിയേരി, പിണറായി, കതിരൂര്‍, എരഞ്ഞോളി, പാറപ്പുറം, തട്ടാരി തുടങ്ങിയ പ്രദേശങ്ങളിലും മുസ്‌ലിം സഖാക്കളടക്കം ഒരൊറ്റ മുസ്‌ലിമിനും മുസ്‌ലിം കുടുംബങ്ങളും സുരക്ഷിതരായിയുന്നില്ല. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആര്‍എസ്എസുകാരാണ് മുസ് ലിം പള്ളികല്‍ തകര്‍ത്തതെന്ന് കരുതാനാവില്ല. സിപിഎം മുസ്‌ലിം രക്ഷകരായിരുന്നുവെങ്കില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കലാപം നടക്കുമായിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കലാപത്തില്‍ പിണറായി പാറപ്രത്തെ വലിയ പള്ളികള്‍ തകര്‍ക്കപ്പെട്ട കേസില്‍ പിണറായി വിജയന്റെ മൂത്ത സഹോദരന്‍ കുമാരന്‍ പ്രതിയായിരുന്നു. തലശ്ശേരി കലാപത്തില്‍ ആര്‍എസ്എസിന്റെ പങ്ക് തെളിയിക്കപ്പെട്ടതാണ്.
എന്നാല്‍ കേരളത്തില്‍ സിപിഎമ്മിന് ആര്‍എസ്എസിന്റെ മുഖവുമുണ്ടെന്ന് തെളിയിച്ചത് ആദ്യം തലശ്ശേരിയാണ്. ആര്‍എസ്എസിന്റെ ദൗത്യം തന്നെയാണ് കേരളത്തില്‍ സിപിഎം നിര്‍വ്വഹിക്കുന്നതെന്ന് പിന്നീടും തെളിയിക്കപ്പെട്ടു. നാദാപുരവും തൂണേരിയുമൊക്കെ തെളിയിച്ചതും അതു തന്നെ. കേരളത്തില്‍ കൊലക്കത്തിക്കിരയായ മുസ് ലിംകളുടെ എണ്ണവും ഇതിനു തെളിവാണ്.