കൊവിഡ് 19: ഐഎഎസ്സുകാര്‍ക്ക് മാസ്‌കും സുരക്ഷാ കിറ്റും; ഡോക്ടര്‍മാര്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക്ക്; ഡല്‍ഹിയില്‍ രോഷം പുകയുന്നു

രോഗികളുമായി അടുത്ത് ഇടപെടുന്നവര്‍ക്കു പോലും പിപിഇ(വ്യക്തി സുരക്ഷ ഉപകരണങ്ങള്‍) കിറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയാത്ത കേന്ദ്രത്തിനെതിരേ പരാതികളും പ്രതിഷേധവും ഉയരുന്നത് ആരോഗ്യമേഖലയില്‍ നിന്നു തന്നെയാണ്.

Update: 2020-04-04 05:01 GMT

ന്യൂഡല്‍ഹി: അവലോകന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും ആശുപത്രി സന്ദര്‍ശനത്തിനു എത്തുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കനത്ത സുരക്ഷാ വസ്ത്രങ്ങളുമായി എത്തുമ്പോള്‍ രോഗികളെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ധരിക്കുന്നത് സര്‍ജിക്കല്‍ മാസ്‌ക്ക്. രോഗികളുമായി അടുത്ത് ഇടപെടുന്നവര്‍ക്കു പോലും പിപിഇ(വ്യക്തി സുരക്ഷ ഉപകരണങ്ങള്‍) കിറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയാത്ത കേന്ദ്രത്തിനെതിരേ പരാതികളും പ്രതിഷേധവും ഉയരുന്നത് ആരോഗ്യമേഖലയില്‍ നിന്നു തന്നെയാണ്.

തങ്ങളുടെ വ്യക്തി സുരക്ഷ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചു. ആശുപത്രിയിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷനാണ് സഹായാഭ്യര്‍ത്ഥനയുമായി എത്തിയത്. ആശുപത്രിയിലെ 2 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. 


മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകെ 500 അധ്യാപകരും 1700 ഡോക്ടര്‍മാരും 2000 നഴ്‌സുമാരുമാണ് ഉള്ളത്. മൊത്തം അവിടെ 800 കിടക്കകളുണ്ട്. ഡല്‍ഹിയിലെ കൊവിഡ് 19 നോഡല്‍ സെന്ററാണ് സഫ്ദര്‍ജംഗ് ആശുപത്രി. എന്നിട്ടും അവിടെ ആവശ്യത്തിന് സുരക്ഷാകിറ്റുകളില്ല. അപേക്ഷയില്‍ പറയുന്നതനുസരിച്ച് അവിടെ 50,000 ഹസ്മത്ത് സൂട്ടുകളും 50,000 എന്‍95 മാസ്‌കുകളും 3,00,000 മൂന്നു പാളി മാസ്‌ക്കുകളും 10,000 കുപ്പി സാനിറ്റേസറുകളുമാണ് വേണ്ടത്. ഈ ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.


പിപിഇ കിറ്റുകളുടെ കുറവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് 10 ലക്ഷം എന്‍ 95 മാസ്‌ക്കുകളാണ് വേണ്ടതെങ്കിലും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത് 50000 മാത്രം. അഞ്ച് ലക്ഷം സുരക്ഷാ കിറ്റുകള്‍ വേണ്ടിടത്ത് 1000 കിറ്റുകള്‍ മാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെന്റിലേറ്ററുകളുടെ കാര്യം പരിതാപകരമാണ്. 100 എണ്ണം വേണ്ടിടത്ത് കിട്ടിയത് ഒന്ന് മാത്രം.

സുരക്ഷാ കിറ്റുകളുടെ അഭാവം പലയിടങ്ങളിലും ഡോക്ടര്‍മാര്‍ സേവനം നിര്‍ത്തിവെക്കാന്‍ കാരണമായിട്ടുണ്ട്. അവരെ സര്‍ക്കാര്‍ ആശുപത്രികളിലേത്ത് പറഞ്ഞുവിടാന്‍ തുടങ്ങിയതോടെ അത്തരം ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു.

ഹിന്ദു റാവു ഹോസ്പിറ്റലില്‍ ഡല്‍ഹി എന്‍ഡിഎംസി മേയര്‍ അവതാര്‍ സിങ് എത്തിയപ്പോള്‍ അദ്ദേഹം എന്‍ 95 മാസ്‌ക്ക് ധരിച്ചാണ് വന്നത്. അതേസമയം ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയത് സര്‍ജിക്കല്‍ മാസ്‌കുമായി. മന്ത്രിമാരുടെ മാത്രമല്ല, ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന്‍ പ്രധാനമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഇത്തരം സുരക്ഷാ കിറ്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. മാത്രമല്ല, ജനുവരി 31 സുരക്ഷാകിറ്റുകളുടെ കയറ്റുമതി നിരോധിച്ച കേന്ദ്രം ഫെബ്രുവരി 8 ന് അത് കാരണം ചൂണ്ടിക്കാണിക്കാതെ പിന്‍വലിച്ചു. പിന്നീട് മാര്‍ച്ച് മൂന്നാമത്തെ ആഴ്ചയാണ് നിരോധനം തിരിച്ചെത്തിയത്. 

Tags:    

Similar News