പരപ്പനങ്ങാടി: പ്ലസ് വന്‍ പ്രവേശനതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെ രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം ലിസ്റ്റില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. എംഎസ്എഫ്, കെഎസ്‌യു ജില്ല നേതൃത്വം യുഡിഎസ്എഫ് ബാനറിന് കീഴില്‍ ജില്ല വിദ്യഭ്യാസ കാര്യാലയത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലിസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പോലിസിന്റെയും മുതിര്‍ന്ന നേതാക്കളുടെയും ഇടപെടലിനെ തുടര്‍ന്ന് സംഘട്ടനമൊഴിവായി.
'കുഞ്ഞിമോളെ കൊന്നതാണ്, കുരുതി കൊടുത്തു സര്‍ക്കാര്...''എന്ന മുദ്രവാക്യവുമായി പോലിസ് വലയം ഭേദിച്ച് വിദ്യഭ്യാസ ഓഫിസിലേക്ക് കയറാന്‍ ശ്രമിച്ച യുഡിഎസ്എഫ് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു.
കെഎസ്‌യു ജില്ല പ്രസിഡന്റ് ഹാരിസ് മുത്തൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് നേതാവ് ശരീഫ് വടക്കയില്‍ മുഖ്യ പ്രഭാഷണം നടത്തി. കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍, കെഎസ്‌യു, എംഎസ്എഫ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കളായ ആമിന ഫിദ, അബിന്‍ കൃഷ്ണ, ആരതി, സലാഹുദ്ദീന്‍, നവാസ് ചെറമംഗലം, ബിപി സുഹാസ് ഡിസിഡി മെംബര്‍ കെപി ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.