ആരോഗ്യ മേഖലയ്ക്ക് മാതൃകയായി പുത്തന്‍ചിറ മാതൃ-ശിശു വയോജന ക്ഷേമ ബ്ലോക്ക്

Update: 2022-04-16 15:43 GMT

മാള: പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മാതൃശിശു വയോജന ക്ഷേമ ബ്ലോക്ക് മാതൃകയാകുന്നു. 2021ല്‍ കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് അണുബാധ നിയന്ത്രിത സുരക്ഷിത മേഖലയില്‍ ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും വയോജനങ്ങള്‍ക്കും ചികിത്സാ സൗകര്യം ഒരുക്കിയത്. ഈ ബ്ലോക്കിലേക്ക് മറ്റ് രോഗികള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

മാസം തോറും പരിശോധനക്കെത്തുന്ന വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും രോഗവ്യാപനം തടയുന്നതിന് ഈ സംവിധാനം ഏറെ ഉപകരിച്ചതായി മെഡിക്കല്‍ ഓഫിസര്‍ ഡോ ബിനു പറഞ്ഞു. ജിവിതശൈലി രോഗചികിത്സ, ഗര്‍ഭിണികള്‍ക്കുള്ള ചികിത്സ, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകള്‍, പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, കുടുംബാസൂത്രണ സേവനങ്ങള്‍, മാതൃശിശു സേവന കേന്ദ്രം തുടങ്ങിയവയാണ് ഈ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്നത്.

മുന്‍ എംഎല്‍എ ടി എന്‍ പ്രതാപന്‍ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് ഈ ബ്ലോക്ക് നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഒരു കോടി രൂപ ആവശ്യമായി വന്നു. ബാക്കി തുക വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്താണ് വകയിരുത്തിയത്. വാക്‌സിനേഷനെത്തുന്ന കുട്ടികളെ ആകര്‍ഷിക്കുന്ന കൗതുക കാഴ്ച്ചകള്‍ ഭിത്തികളില്‍ വരച്ച് ഈ ബ്ലോക്ക് മനോഹരമാക്കിയിട്ടുണ്ട്. പുത്തന്‍ചിറ കൊമ്പത്ത്കടവിലെ ഉപേന്ദ്രനാണ് ചിത്രരചന നിര്‍വ്വഹിച്ചത്. 

Similar News