മഥുര ഈദ്ഗാഹ് മസ്ജിദ്: പള്ളിക്കമ്മിറ്റിയുടെ ഹരജിയില്‍ സുപ്രിംകോടതി നോട്ടീസ്

Update: 2025-04-04 12:43 GMT
മഥുര ഈദ്ഗാഹ് മസ്ജിദ്: പള്ളിക്കമ്മിറ്റിയുടെ ഹരജിയില്‍ സുപ്രിംകോടതി നോട്ടീസ്

ലഖ്‌നോ: മഥുര ശാഹി ഈദ്ഗാഹ് മസ്ജിദുമായി ബന്ധപ്പെട്ട കേസുകള്‍ ഒന്നാക്കണമെന്ന ഹിന്ദു പക്ഷത്തിന്റെ ഹരജികള്‍ക്കെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയില്‍ സുപ്രിംകോടതി നോട്ടീസ് അയച്ചു. തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒന്നാക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

ഹിന്ദുപക്ഷത്തിന്റെ എല്ലാ കേസുകളും ഒന്നാക്കിയ 2024 ജനുവരി 11ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി 2024 ഒക്ടോബര്‍ 23ന് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ്കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ഹിന്ദുപക്ഷത്തിന്റെ നിലവിലുള്ള കേസുകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും കക്ഷികളാക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവിനെതിരേയും മസ്ജിദ് കമ്മിറ്റി പ്രത്യേക ഹരജി നല്‍കിയിരുന്നു.

തെളിവുകള്‍ ശേഖരിച്ചതിനു ശേഷം മാത്രമേ കേസുകള്‍ ഒന്നാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാവൂ എന്ന മുസ്‌ലിം പക്ഷത്തിന്റെ വാദം നിരസിച്ചു കൊണ്ടാണ് അലഹബാദ് ഹൈക്കോടതി മുമ്പ് ഹരജി തള്ളിയിരുന്നത്.

Similar News