അഫ്ഗാനിലെ നാലാമത്തെ വലിയ പട്ടണമായ മസാര്‍ എ ഷരീഫ് താലിബാന്‍ നിയന്ത്രണത്തില്‍
കാബൂള്‍: താലിബാന് അഫ്ഗാനില്‍ ശക്തമായ മുന്നേറ്റം. ഏറ്റവും അവസാനത്തെ വാര്‍ത്ത പുറത്തുവരുമ്പോള്‍ അഫ്ഗാനിലെ നാലാമത്തെ വലിയ നഗരമായ മസാര്‍ എ ഷരീഫ് താലിബാന്‍ പിടിച്ചു. ശനിയാഴ്ച വൈകീട്ടാണ് കൂടുതല്‍ സേന നഗരത്തിലേക്ക് അടിച്ചു കയറിയത്.
പ്രവിശ്യയിലെ ദേശീയ സൈന്യമാണ് ആദ്യം കീഴടങ്ങിയത്. അതോടെ സര്‍ക്കാര്‍ പക്ഷത്ത് നിലയുറപ്പിച്ചിരുന്ന മിലീഷ്യകളും കീഴടങ്ങി. സൈന്യത്തിന്റെ കീഴടങ്ങള്‍ മറ്റ് വിഭാഗങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചു.
ഇതോടെ നഗരത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും സുരക്ഷാ സംവിധാനങ്ങളും താലിബാന്റെ കയ്യിലായി.
മൂന്നാഴ്ചയില്‍ കുറവ് സമയം കൊണ്ട് താലിബാന്‍ അഫ്ഗാനിസ്താന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് പ്രദേശങ്ങള്‍ പിടിച്ചടക്കി.
ഹെറാത്ത്, കണ്ഡഹാര്‍ തുടങ്ങി രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങള്‍ താലിബാന്‍ നേരത്തെ പിടിച്ചിരുന്നു.
ഇപ്പോഴത്തെ കണക്കനുസരിച്ച് 34ല്‍ 20 പ്രവിശ്യകളില്‍ താലിബാന്‍ അധീശത്വം ഉറപ്പിച്ചുകഴിഞ്ഞു.
കാബൂളിന്റെ 11 കിലോമീറ്റര്‍ പരിധിയില്‍ താലിബാന്‍ സേന എത്തി. പാകിസ്താന്‍ അതിര്‍ത്തിയിലെ പക്തിക താലിബന്റെ നിയന്ത്രണത്തിലാണ്. ഫര്‍യാബ് പ്രവിശ്യയിലെ മെയ്മാനയുടെ നിയന്ത്രണവും ഏറ്റെടുത്തു. ഈ നഗരം നേരത്തെത്തന്നെ താലിബാന്റെ നിയന്ത്രണത്തിലായിരുന്നു.