തബ്‌ലീഗ് ജമാഅത്ത്: തമിഴ്‌നാട്ടിലും വ്യാജവാര്‍ത്ത; പ്രാഥമിക പരിശോധന പോലും നടത്താത്ത 18 പേര്‍ക്ക് കൊറോണയെന്ന് മാധ്യമങ്ങള്‍

18 പേരും സ്വമേധയാ അധികാരികളുടെ അടുത്തെത്തിയതാണെന്നും ആരെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും തമിഴ്‌നാട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2020-04-02 08:47 GMT

ചെന്നൈ: തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് വ്യാജവാര്‍ത്ത നല്‍കാന്‍ മല്‍സരിച്ച് പത്രങ്ങളും ചാനലുകളും. ചാനലുകളാണ് ഇത് ആഘോഷമാക്കി മാറ്റിയത്. പഴയ ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് സന്ദര്‍ശിച്ച് തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ 18 പേര്‍ക്ക് കൊവിഡ് എന്നായിരുന്നു ദേശീയതലത്തില്‍ തന്നെ പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത്. മലയാള പത്രങ്ങളും അത് വാര്‍ത്തയാക്കി. എന്നാല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത 18 പേരില്‍ ആരെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. 18 പേരും സ്വമേധയാ അധികാരികളുടെ അടുത്തെത്തിയതാണെന്നും ആരെയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും തമിഴ്‌നാട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മേടവക്കം, പള്ളിക്കരനായ് പ്രദേശത്തുനിന്ന് പോയ 18 പേരില്‍ ഒരാള്‍ പുറത്തുവിട്ട വീഡിയോ ക്ലിപ്പുവഴിയാണ് വിവരം പുറത്തുവന്നത്. തങ്ങളെ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നിരിക്കുകയാണെന്നും ഭക്ഷണം പോലും നല്‍കിയിട്ടില്ലെന്നും യാതൊരു വിധ ടെസ്റ്റുകളും നടത്തിയിട്ടിലെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

പുറത്തുവന്ന വീഡിയോ അനുസരിച്ച് അദ്ദേഹം ഒരു ആശുപത്രിയിലാണ്. സാമൂഹ്യഅകലം പാലിക്കാനുള്ള അവസ്ഥയിലുമല്ല, ഏതെങ്കിലും തരത്തിലുള്ള പരിശോധന നടന്നതിന്റെ ലക്ഷണവുമില്ലെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപോര്‍ട്ട് ചെയ്തു.

തബ്‌ലീഗ് ജമാഅത്ത് സന്ദര്‍ശിച്ച് മടങ്ങിവന്നവര്‍ ആശുപത്രിയിലെത്തണമെന്ന മാധ്യമവാര്‍ത്ത കണ്ട് എത്തിയവരാണ് ഇവര്‍. 18 പേരും സ്വമേധയാ എത്തുകയായിരുന്നു. രാവിലെ ആശുപത്രിയിലെത്തിയ അവരെ പിന്നീട് ആംബുലന്‍സില്‍ ചെങ്കല്‍പേട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തങ്ങളുടെ ശരീരത്തില്‍ നിന്ന് ടെസ്റ്റിനു വേണ്ടി ഒന്നും ശേഖരിച്ചിട്ടില്ലെന്നും എന്നിട്ടും മാധ്യമങ്ങള്‍ തങ്ങള്‍ക്ക് കൊറോണയുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്ത വന്നതോടെ ബന്ധുക്കളും അയല്‍ക്കാരും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ് നാട്ടില്‍ നിന്ന് 500 പേരാണ് നിസാമുദ്ദീനില്‍ തബ് ലീഗ് ആസ്ഥാനത്ത് ഉണ്ടായിരുന്നത്.

ഇന്ന് കേരളത്തിലും ഒരു തബ് ലീഗുമായി ബന്ധപ്പെട്ട് പത്രങ്ങള്‍ വ്യാജവാര്‍ത്ത പരത്തിയിരുന്നു. ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് വ്യാജ ആരോപണത്തിനു വിധേയമായ കൊല്ലത്തെ അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു.  

Tags:    

Similar News