
കാളികാവ്: കുറുനരിയെ വേട്ടയാടി കൊന്ന് മാന്‍ ഇറച്ചിയെന്ന പേരില്‍ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. തിരുവാലി സ്വദേശി കൊടിയംകുന്നേല്‍ കെ ജെ ബിനോയി (55)യെയാണ് കരുവാരക്കുണ്ട് ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതര്‍ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാല് കിലോ കുറുനരിയുടെ ഇറച്ചിയും വേവിച്ച പന്നിയിറച്ചിയും കണ്ടെടുത്തു. വന്യമൃഗങ്ങളെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക്, കത്തികള്‍, പന്നിമാംസം തയ്യാറാക്കിയ ചട്ടി, പാത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
കുറുനരിയെ വീട്ടുപരിസരത്ത് വെച്ച് തന്നെയാണ് ഇയാള്‍ വെടിവച്ചതെന്ന് വനപാലകര്‍ പറഞ്ഞു. മാനിറച്ചിക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ കുറുനരിയെ വേട്ടയാടി പിടിച്ച് മാനിറച്ചി എന്ന പേരിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ്, പോലിസ് കേസുകളില്‍ പ്രതിയായ ബിനോയി കാപ ചുമത്തി നാടുകടത്തിയ ആളുകൂടിയാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം തയ്യാറാക്കിയ ഷെഡ്യൂള്‍ ഒന്ന് ഇനത്തില്‍പ്പെട്ട ജീവിയാണ് കുറുനരി. പട്ടികയില്‍ ഉള്‍പ്പെട്ട ജീവികള്‍ അതീവ സംരക്ഷണ വര്‍ഗത്തില്‍പ്പെടുന്നവയാണ്.