മാനസികപീഡനം; നവ വധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് പിടിയില്‍

മലപ്പുറം: അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്ന് നവ വധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് പിടിയില്‍. കണ്ണുര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.നിറത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും തുടര്‍ച്ചയായി നടത്തിയ അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു ദാരുണമായ സംഭവം. 2024 മെയ് 27 ന് ആയിരുന്നു ഇരുവരുടെയും വിവാഹം.
നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് നിരന്തരം ഷഹാനയെ കളിയാക്കുമായിരുന്നു. വിവാഹ ബന്ധത്തില്‍ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിന്റെ ഉമ്മ ചോദിച്ചതായും കുടുംബം പറഞ്ഞു.
പഠിക്കാന്‍ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തില്‍ പിന്നോട്ടായി. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്റെ വിവരം ഷഹാന തുറന്നു പറഞ്ഞത്. അവഹേളനം കൂടി വന്നപ്പോഴാണ് ഷഹാന മരിക്കാന്‍ തീരുമാനിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.