'കേരള സംഗീത നാടക അക്കാദമി'; എംജി ശ്രീകുമാറിന്റെ നിയമനത്തെ പരിഹസിച്ച് വിടി ബല്‍റാം
പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികളുമാണ്.
തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ നിയമനത്തില്‍ ഇടത് പക്ഷത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. 'കേരളസംഗീത നാടക അക്കാദമി' എന്നാണ് വിടി ബല്‍റാം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സംഗീത നാടക അക്കാദമിയെ വിശേഷിപ്പിക്കുന്നത്.
പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഗായകന്‍ എം.ജി ശ്രീകുമാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനാക്കാനുള്ള തീരുമാനത്തിനെതിരെയാണ് വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നത്. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് നിയമനം സംബന്ധിച്ച തീരുമാനം. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്തിനെ നിയമിക്കാനും തീരുമാനമായിരുന്നു.
2016ല്‍ കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന വി മുരളീധരന് വേണ്ടിയും എംജി ശ്രീകുമാര്‍ പ്രചാരണം നടത്തിയിരുന്നു. കഴക്കൂട്ടത്ത് താമര വിരിയുമെന്ന് അന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. കഴക്കൂട്ടത്തെ ബിജെപി വേദിയില്‍ വെച്ച് പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയിരുന്നു. ഭാരതം കണ്ടിട്ടുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിയുടെ ഭരണത്തിന് കീഴില്‍ കരുത്ത് പകരാന്‍ കേരളത്തില്‍ താമര വിരിയണമെന്നും എംജി ശ്രീകുമാര്‍ അന്ന് പറഞ്ഞിരുന്നു.
ഫേസ് ബുക് പോസ്റ്റ്
ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്ന് ചെയര്‍മാനായിരുന്ന കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും 'ഇടതുപക്ഷ സ്വഭാവം' ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കാന്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും 'ഇടതുപക്ഷ'ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികളുമാണ്. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ 'ഇടതുപക്ഷം' ?