എംജി സര്‍വകലാശാല അസി. പ്രഫസര്‍ നിയമനത്തിന് പുതിയ മാനദണ്ഡം; ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു

Update: 2022-11-25 09:49 GMT

ന്യൂഡല്‍ഹി: എംജി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള അഭിമുഖത്തിന് മാര്‍ക്ക് നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരേ സര്‍വകലാശാല സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് അനുകൂല നടപടി. അധ്യാപകനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അക്കാദമിക വിഷയമാണെന്നും ഇതില്‍ കോടതി ഇടപെടല്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല മേല്‍ക്കോടതിയെ സമീപിച്ചത്.

ജഡ്ജിമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദ്ദിവാലാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹിന്ദി അസി. പ്രഫസര്‍ നിയമനത്തിത്തിനുള്ള അഭിമുഖത്തിന് 50 മാര്‍ക്ക് നിശ്ചയിച്ചുകൊണ്ടുള്ള എംജി സര്‍വകലാശാലയുടെ ഉത്തരവാണ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയത്. നിയമനത്തിന് പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളിലെ ഹിന്ദി അസിസ്റ്റന്റ് പ്രഫസര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയിലായിരുന്നു ഹൈക്കോടതി ഇടപെടല്‍. എംജി സര്‍വകലാശാല ഉത്തരവ് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ അഭിമുഖത്തിന് പരമാവധി 20 മാര്‍ക്കായിരുന്നു നല്‍കിയിരുന്നത്. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം എംജി സര്‍വകലാശാല പുറത്തിറക്കിയിരുന്നത്.

സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപനപ്രകാരം അഭിമുഖത്തിന് പരമാവധി 50 മാര്‍ക്കും, അധ്യാപന അഭിരുചിക്ക് 10 മാര്‍ക്കും, ഗവേഷണ അഭിരുചിക്ക് 20 മാര്‍ക്കും, വിഷയത്തലുള്ള അറിവിന് 10 മാര്‍ക്കും നല്‍കാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒരുമാസത്തിനുള്ളില്‍ പുതിയ മാനദണ്ഡം പുറത്തിറക്കാനും എംജി സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍വകലാശാല സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Tags:    

Similar News