സഹായം തേടി ആര് വിളിച്ചാലും ഫോണ്‍ എടുക്കണം; ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്റെ കര്‍ശന നിര്‍ദേശം

Update: 2023-01-26 07:44 GMT

കോഴിക്കോട്: വന്യമൃഗ ശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത് പാലിക്കണം. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് വ്യാപക പരാതി ഉണ്ട്. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഫോണ്‍ എടുക്കുന്നില്ലെന്ന പരാതി എംഎല്‍എമാര്‍ ഉള്‍പ്പെടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ആനകളെ ആക്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ധോണിയെ വിറപ്പിച്ച പിടി സെവനെ (ധോണി) എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത് ഗുരുതര തെറ്റാണ്. വന്യജീവികളെ പ്രകോപിപ്പിച്ചാല്‍ പ്രതികാരബുദ്ധിയോടെ അവറ്റകള്‍ പ്രതികരിക്കും. ധോണി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയില്‍ ആനയുടെ ശരീരത്തില്‍ 15 ഓളം പെല്ലെറ്റുകള്‍ തറച്ച പാടുകള്‍ കണ്ടെത്തിയിരുന്നു.

ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനായി നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചതാവാമെന്നാണ് വനം വകുപ്പ് പറയുന്നത്. പെല്ലെറ്റുകള്‍ തറച്ചത് കാരണമാണ് ആന കൂടുതല്‍ അക്രമാസക്തമാവാന്‍ കാരണം. പെല്ലെറ്റുകളില്‍ ചിലത് വനംവകുപ്പ് തന്നെ നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ ധോണി വനം ഡിവിഷന്‍ ഓഫിസിന് സമീപത്തെ കൂട്ടിലാണ് ആനയുള്ളത്.

Tags:    

Similar News