പെട്ടിമുടിയിലെ ദുരിതബാധിതര്‍ക്ക് സഹായം സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്ന് മന്ത്രി എ കെ ബാലന്‍
രാജമല: ഇടുക്കി പെട്ടിമുടിയിലെ ദുരന്തബാധിതരോട് സര്‍ക്കാര്‍ നീതികേട് കാണിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നല്ല വിശ്വാസത്തിലാണെങ്കില്‍ സര്‍ക്കാര്‍ അത് പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളും. സാധാരണ നിലയിലുള്ള ഒരു ദുരന്തമല്ല പെട്ടിമുടിയില്‍ നടന്നിരിക്കുന്നത്. കേരളത്തിലെ ജനത കണ്ണ് തുറക്കേണ്ട ഒട്ടേറെ പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങളാണത്. വാസയോഗ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ് ഇത്തരം സ്ഥലങ്ങള്‍. സമഗ്രമായ വലിയ പഠനം ഇതിനാവശ്യമായി വരും. അടുത്ത വര്‍ഷവും ഇത്തരം സംഭവങ്ങള്‍ സ്വഭാവികമായി ഉണ്ടായേക്കാം. കണ്ണന്‍ ദേവന്‍ കമ്പനിയുടെ സഹായത്തോടു കൂടി പെട്ടിമുടിയില്‍ ചില കാര്യങ്ങള്‍ ആലോചിക്കേണ്ടതായുണ്ട.് വളരെ പ്രാകൃതമായ രൂപത്തിലാണ് ലായങ്ങള്‍ ഉള്ളത്. ഇത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ഇതെല്ലാം പരിശോധിക്കേണ്ടതായുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ഇക്കാര്യങ്ങള്‍ തുടങ്ങിയതാണ്. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ഭൂമിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി പഠനം നടത്തി ആ പ്രദേശത്ത് താമസിക്കുന്ന ജനതയുടെ സുരക്ഷ ഉറപ്പു വരുത്താന്‍ എത് വിധത്തിലുള്ള നടപടി വേണമെന്ന കാര്യത്തില്‍ ആലോചന നടത്തുന്നുണ്ട്. 5 ലക്ഷം രൂപ കൊണ്ട് ആനുകൂല്യം തീരുന്നില്ല. സാധാരണനിലയിലുള്ള ദുരന്തമല്ലിത്. ഇതാവര്‍ത്തിക്കാതിരിക്കണം. കൃത്യമായിട്ടുള്ള പുനരധിവാസമുണ്ടാകണം ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുളള സഹായം പ്രാഥമികമായി ഉള്ളതാണ്. ഇതിവിടം കൊണ്ടവസാനിക്കുന്നതല്ല. ഒരു രൂപത്തിലുമുള്ള നീതികേടും പെട്ടിമുടിയില്‍ ഉണ്ടാവില്ല. ഇവിടുത്തെ ജനതക്ക് അര്‍ഹതപ്പെട്ടത് അവകാശപ്പെട്ടത് സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി.