ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇടപെട്ടു; ദലിത് കുടുംബത്തിന് റേഷന്‍ കാര്‍ഡ് വീട്ടിലെത്തിച്ച് സിവില്‍ സപ്ലൈസ് വകുപ്പ്
കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിന് രണ്ട് മൊബൈല്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നല്‍കി. ഞാറയില്‍കോണം വേടരുകോണത്ത്് റബര്‍ ടാപിങ് തൊഴിലാളിയായ ബിജുകുമാറിന്റെ കുടുംബം റേഷന്‍ കാര്‍ഡോ, വീടോ ഇല്ലാതെ ദുരിതത്തില്‍ കഴിയുന്നു എന്ന തേജസ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി
കല്ലമ്പലം: നാവായ്കുളം പഞ്ചായത്തിലെ ഞാറയില്‍കോണത്ത് റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായങ്ങളൊന്നും ലഭിക്കാത്ത ദലിത് കുടുംബത്തിന് റേഷന്‍കാര്‍ഡ് അനുവദിച്ച് സിവില്‍ സപ്ലൈസ്. വാര്‍ത്താശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഇടപെട്ടു കുടുംബത്തിന് റേഷന്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ വര്‍ക്കല സിവില്‍ സപ്ലൈസ് വിഭാഗം റേഷന്‍ കാര്‍ഡ് ബിജുകുമാറിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. രണ്ട് മാസത്തെ റേഷന്‍ സാധനങ്ങളും സിവില്‍ സപ്ലൈസ് വിഭാഗം കുടുംബത്തിന് നല്‍കി.
ഞാറയില്‍കോണം വേടരുകോണത്ത് റബര്‍ ടാപിങ് തൊഴിലാളിയായ ബിജുകുമാറിന്റെ കുടുംബം റേഷന്‍ കാര്‍ഡോ, വീടോ ഇല്ലാതെ ദുരിതത്തില്‍ കഴിയുന്ന വാര്‍ത്ത ഇന്നലെ തേജസ് ന്യൂസ് നല്‍കിയിരുന്നു. വാര്‍ത്ത ചര്‍ച്ചയായതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇതിന് പുറമേ, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് മൊബൈല്‍ ഫോണ്‍, കെബി ഗണേഷ് കുമാര്‍ എംഎല്‍എ നല്‍കിയതായും ബിജു കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. അതേസമയം, വാര്‍ത്ത പുറത്ത് വന്നതിനെതുടര്‍ന്ന് നിരവധി പേരാണ് കുടുംബത്തിന് സഹായങ്ങളുമായി എത്തുന്നത്.
സംസ്ഥാനത്ത് ആരും പട്ടിണികിടക്കേണ്ടിവരില്ലെന്നും റേഷന്‍ കാര്‍ഡില്ലാത്തവര്‍ സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴായിരുന്നു അഞ്ചംഗം കുടുംബം ദുരിതത്തില്‍ കഴിഞ്ഞത്. റബര്‍ ടാപിങ് തൊഴിലാളികളായ ബിജുകുമാറും ഭാര്യ ഷീബയും കൊവിഡ് കാലത്തും ഓണത്തിനും അര്‍ദ്ധപട്ടിണിയിലായിരുന്നു. ബിരുദവിദ്യാര്‍ഥി വിജയ, പത്താംക്ലാസുകാരി വിദ്യ, ഏഴാം ക്ലാസ്സുകാരന്‍ വിഷ്്ണു എന്നിവരടങ്ങുന്നതാണ് കുടുംബം.
വാടക കൊടുക്കാനില്ലാത്തതിനാല്‍ പലപ്പോഴും വലിയ വീടുകളുടെ ചായ്പിലാണ് കുടുംബം കഴിയുന്നത്. വാടകച്ചീട്ടോ, റെസിഡഷ്യല്‍ സര്‍ട്ടിഫിക്കറ്റോ ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡ് പോലും കിട്ടാതെ അവസ്ഥയായിരുന്നു. പട്ടിക ജാതി വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. റേഷന്‍ കാര്‍ഡ് ലഭിച്ചെങ്കില്‍, ഈ കൊവിഡ് കാലത്ത് അരിയെങ്കിലും വാങ്ങാമായിരുന്നുവെന്ന് ബിജു കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞിരുന്നു.
പട്ടികജാതിക്കാര്‍ക്ക് സ്വന്തമായി ഭൂമിയില്ലാതെ തന്നെ വീടുനല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടായിരിക്കേയാണ് ഈ കുടുംബം നരകജീവിതം നയിക്കേണ്ടിവരുന്നത്.
നാവായ്കുളം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടുവിന് പട്ടികജാതി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ബിജു കുമാറിന്റെ മൂത്ത മകള്‍ വിജയക്കാണ്. എസ്എസ്എല്‍സി പരീക്ഷയിലും പട്ടിക വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് വിജയക്കാണ്. കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 1069 മാര്‍ക്കാണ് വിജയ നേടിയത്.
ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യയും പഠനത്തില്‍ മിടുക്കിയാണ്. ഏഴാം ക്ലാസുകാരന്‍ വിഷ്ണുവിനും പഠിക്കാന്‍ ഏറെ താല്‍പര്യമാണ്.