മന്ത്രി ജലീലിന്റെ വാട്സ് ആപ്പ് ഹാക്ക് ചെയ്‌തെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണം: ഡി വൈഎഫ്ഐ
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ വാട്സ് ആപ്പ് മുസ് ലിം ലീഗിന്റെ ഐടി സെല്‍ ഹാക്ക് ചെയ്തുവെന്ന വെളിപ്പെടുത്തല്‍ കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണെന്നു ഡി വൈഎഫ്ഐ സംസ്ഥാന കമ്മിറ്റി. ജനാധിപത്യ മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള ഇത്തരം നീക്കം അംഗീകരിക്കാനാവില്ല. ശക്തമായ പ്രതിഷേധം ഇതിനെതിരേ ഉയര്‍ന്നുവരണം. മറ്റ് മന്ത്രിമാരുടെയും രാഷ്ട്രീയ എതിരാളികളുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും ഫോണും സമാനമായി ഹാക്ക് ചെയ്തിട്ടുണ്ടാവാം. അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് സംസ്ഥാനത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുസ് ലിം ലീഗിനെതിരെയും വെളിപ്പെടുത്തല്‍ നടത്തിയ എടപ്പാള്‍ സ്വദേശി യാസിറിനെതിരെയും സമഗ്രാന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ 21-10-2020ല്‍ പ്രമുഖ മാധ്യമത്തിലൂടെയാണ് മന്ത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്തു എന്ന് എടപ്പാള്‍ സ്വദേശി വെളുപ്പെടുത്തിയത്. മുസ് ലിം ലീഗിന്റെ ഐടി സെല്‍ ആണ് ഹാക്കിങ് നടത്തിയത് എന്നും വീഡിയോയിലുണ്ട്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എയുമായും മുസ് ലിം ലീഗിന്റെ സംസ്ഥാന നേതൃത്വവുമായും അടുത്ത ബന്ധമുള്ളയാളാണ് വെളിപ്പെടുത്തല്‍ നടത്തിയ എടപ്പാള്‍ സ്വദേശി. അതീവ ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് പിന്നില്‍ മുസ് ലിം ലീഗിന്റെ സംസ്ഥാന നേതാക്കളുടെയും യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളുടെയും പങ്ക് അന്വേഷിക്കണം. അതിനായി ഉന്നത പോലിസ് സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Minister Jaleel's WhatsApp hacking: should be investigated-DYFI