കൃഷിയിലധിഷ്ഠിതമായ സമൂഹത്തെ പടുത്തുയര്‍ത്തണം: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2022-04-11 10:21 GMT

തൃശൂര്‍: കൃഷിയിലധിഷ്ഠിതമായ സമൂഹത്തെ പടുത്തുയര്‍ത്തേണ്ടതുണ്ടെന്ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നുപോയ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ തളരാതെ നിലനിര്‍ത്തിയത് കാര്‍ഷിക മേഖലയാണ്. അതില്‍ കര്‍ഷകന്റെ വിയര്‍പ്പും കണ്ണീരും കാര്‍ഷിക സമ്പത്തുമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച ജില്ലാതല വിത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത കര്‍ഷകരുടെ അറിവും സംയോജിപ്പിച്ച് പുതിയ കാലഘട്ടത്തിന് അനുയോജ്യമായി കാര്‍ഷിക മേഖലയില്‍ ശരിയായ മാറ്റം വരുത്തണം. കര്‍ഷകരുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പരിപാടികള്‍ അര്‍ത്ഥവത്താകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക പാരമ്പര്യം വരുംതലമുറയ്ക്ക് പകരുകയെന്ന ലക്ഷ്യത്തോടെ കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിത്തുത്സവം സംഘടിപ്പിച്ചത്. തനത് കാര്‍ഷിക വിത്തിനങ്ങളുടെ സംരക്ഷകരായ കര്‍ഷകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ചടങ്ങില്‍ ആദരിച്ചു.

കാര്‍ഷിക ജൈവ വൈവിധ്യ സെമിനാര്‍, കര്‍ഷകര്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നും കൊണ്ടുവന്ന തനത് വിത്തിനങ്ങളുടെ പ്രദര്‍ശനം, വിപണനം, പരമ്പരാഗത ഗോത്രവര്‍ഗ കലാവിരുന്ന് എന്നിവ ഉള്‍ക്കൊള്ളിച്ചാണ് എകദിന വിത്തുത്സവം സംഘടിപ്പിച്ചത്.

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ സി ജോര്‍ജ് തോമസ്, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍മാരായ ഡോ.കെ ടി ചന്ദ്രമോഹനന്‍, ഡോ.കെ സതീഷ്‌കുമാര്‍, കെ എസ് ഇ ബി വിഷയ വിദഗ്ധരായ ഡോ.പീതാംബരന്‍ സി കെ, ഡോ.ഷാജു സി, വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് മനോജ് എന്‍, സംസ്ഥാന ഓഷധ സസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹൃദിക് ടി കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News