കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്‌തേയ്ക്കും
കൊച്ചി: ഇ ഡി ക്ക് പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യുമെന്ന് സൂചന. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. മന്ത്രിയുടെ മൊഴികള്‍ ഇ.ഡി. അന്വേഷണസംഘം വിശദമായി പരിശോധിച്ചു. യു.എ.ഇ. കോണ്‍സുലേറ്റുമായി മന്ത്രിയെന്ന നിലയ്ക്കപ്പുറമുള്ള ഇടപാടുകള്‍ ഉണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം.
യുഎഇ കോണ്‍സുലേറ്റില്‍നിന്ന് നയതന്ത്ര ബാഗേജുകളിലെ പായ്ക്കറ്റുകള്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫിസില്‍ എത്തിച്ചിരുന്നു. സി-ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഇതില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്.
നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ബിനീഷ് കോടിയേരിയില്‍ നിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്.
മന്ത്രിയുടെ മൊഴി അവലോകനംചെയ്ത ഇ.ഡി. കോണ്‍സുലേറ്റുമായുള്ള ബന്ധം സാധാരണയില്‍ കവിഞ്ഞുള്ളതാണെന്നാണു വിലയിരുത്തിയത്. പ്രോട്ടോകോളുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിഞ്ഞു മാത്രം ചെയ്യേണ്ട കാര്യങ്ങളില്‍ പലപ്പോഴും അതുണ്ടായിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.