മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും പങ്കെടുത്തതിനെ തുടര്‍ന്ന് കൃഷി മന്ത്രി ക്വാറന്റീനില്‍ ആയിരുന്നു.
കൊച്ചി: മന്ത്രി വി എസ് സുനില്‍കുമാറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വൈകീട്ടാണ് മന്ത്രിയുടെ കൊവിഡ് ഫലം പുറത്തുവന്നത്. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും പങ്കെടുത്തതിനെ തുടര്‍ന്ന് കൃഷി മന്ത്രി ക്വാറന്റീനില്‍ ആയിരുന്നു.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിയിലായിരുന്നു നിരീക്ഷണത്തില്‍ തുടര്‍ന്നത്. ഇക്കാര്യം മന്ത്രി തന്നെ അറിയിക്കുകയായിരുന്നു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫും നിരീക്ഷണത്തിലാണ്. തൃശൂര്‍ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയ്ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ കോര്പ്പറേഷന് ഓഫീസില്‍ ഈ മാസം 15 ന് നടന്ന അവലോകനയോഗത്തില്‍ ഈ ഉദ്യോഗസ്ഥയ്ക്കൊപ്പം മന്ത്രിയും സംബന്ധിച്ചിരുന്നു. ഇവരടക്കം ഏഴ് പേര്‍ക്ക് ഇതുവരെ കോര്‍പ്പറേഷനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം സംസ്ഥാനത്ത് 133 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗ നിരക്കാണിത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 100 കവിയുന്നത്.