ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കാന്‍ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ആന്റണി രാജു
ടാങ്കര്‍ ലോറികളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്ധനം എത്തിക്കുന്നതിനത്തിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും
തിരുവനന്തപുരം: ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടാങ്കര്‍ ലോറികളില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്ധനം എത്തിക്കുന്നതിനത്തിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും. ഇന്ധന കമ്പനികളില്‍ നിന്ന് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം എത്തിക്കുന്നതിന് നിലവില്‍ വിവിധ കമ്പനികള്‍ പല രീതിയിലാണ് വാടക നിശ്ചയിക്കുന്നതെന്ന പരാതികള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ധന കമ്പനികള്‍, ടാങ്കര്‍ ലോറി ഉടമകളുടെ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ടാവും. ടാങ്കര്‍ ലോറികളില്‍ ഡ്രൈവറെ കൂടാതെ ഒരു സഹായി വേണമെന്ന കേരള മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടം, 2019ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ഇന്ധന കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ടാങ്കര്‍ ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍, ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.