ആശങ്ക ഒഴിവായി; വയനാട്ടിലെ യുവതിയുടേത് മങ്കിപോക്‌സല്ലെന്ന് പരിശോധനാ ഫലം

Update: 2022-08-03 17:19 GMT

മാനന്തവാടി: വയനാട് ജില്ലയില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിക്ക് രോഗമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. രോഗം സ്ഥിരീകരിക്കുന്നതിനായി യുവതിയുടെ ചര്‍മത്തിലെ രോഗലക്ഷണം കണ്ട സ്ഥലത്തെ സാംപിളുകള്‍ ആലപ്പുഴ നാഷനല്‍ വൈറോളജി ലാബിലേക്ക് അയച്ചതിലാണ് രോഗബാധയില്ലെന്നുള്ള പരിശോധനാഫലം പുറത്തുവന്നത്.

രക്തം, തൊണ്ടയിലെ സ്രവം എന്നിവയുടെ പരിശോധനാഫലം ഇനിയും പുറത്തുവരാനുണ്ട്. മങ്കിപോക്‌സ് രോഗബാധിതയല്ലെന്ന ഫലം പുറത്തുവന്നതിന്റെയും നിലവില്‍ മറ്റ് അവശതകളില്ലാത്തതിനാലും യുവതിയെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജൂലൈ 15ന് യുഎഇയില്‍ നിന്നും വന്ന പൂതാടി സ്വദേശിനിയായ 38 കാരിയെയാണ് രോഗലക്ഷണങ്ങളോടെ ഇന്നലെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശാരീരികാസ്വാസ്ഥ്യങ്ങളോടെ ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയ യുവതിക്ക് മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News