കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ കോഴിക്കോട് ജില്ലയില്‍ ഒരു മരണം. ശക്തമായ കാറ്റിലും മഴയിലും 45 വീടുകള്‍ ഭാഗികമായി തകര്‍ന്നു. താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജില്‍ അടിവാരം പൊട്ടികൈ കൊച്ചുപറമ്പില്‍ സദാനന്ദന്റെ ഭാര്യ കനകമ്മയാണ് (72) മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള മണ്‍തിട്ട ഇടിഞ്ഞുവീണാണ് മരണം. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം.
കാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും താമരശേരി താലൂക്കില്‍ 16 വീടുകള്‍ക്കും കൊയിലാണ്ടി താലൂക്കില്‍ 29 വീടുകള്‍ക്കും ഭാഗിക നാശനഷ്ടം സംഭവിച്ചു. കടല്‍ക്ഷോഭം രൂക്ഷമായ ഗോതീശ്വരം ബീച്ച് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. ഗോതീശ്വരം ക്ഷേത്രത്തിന്റ തെക്കുഭാഗത്ത് രണ്ടു ദിവസമായി തുടരുന്ന കടല്‍ക്ഷോഭത്തിന് വ്യാഴാഴ്ച ഉച്ചയോടെ ശമനമുണ്ടായതായി അധികൃതര്‍ അറിയിച്ചു.