രാജ്യത്ത് മണ്‍സൂണിന് ആരംഭം, ഇത്തവണ ശരാശരി 102 ശതമാനം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നു മുതല്‍ മണ്‍സൂണ്‍ ആരംഭിച്ചതായി കാലാവസ്ഥാ വകുപ്പ്. ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശരാശരി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. എം മൊഹാപത്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
''ഇന്നത്തെ സാഹചര്യം പരിശോധിച്ച് കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതായി ഞങ്ങള്‍ പ്രഖ്യാപിക്കുന്നു''- ഡോ. എം മൊഹാപത്ര മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
അടുത്ത മൂന്നു ദിവസം കേരളത്തില്‍ കനത്ത തോതില്‍ മഴ ലഭിക്കുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടല്‍. 80 ശതമാനം സ്ഥലങ്ങളിലും 2.5 എംഎം മഴയ്ക്കാണ് സാധ്യത.
ഡോ. മൊഹാപത്രയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വകുപ്പ് സെക്രട്ടറി ഡോ. മാധവന്‍ നായര്‍ രാജീവന്‍ രാജ്യത്ത് നല്ല മണ്‍സൂണ്‍ ലഭ്യമാകാനുള്ള എല്ലാ അനുകൂല അന്തരീക്ഷവും സജ്ജമാണെന്ന് അറിയിച്ചു.
''അളവുപരമായി ജൂണ്‍-സെപ്തംബര്‍ കാലത്ത് ലഭിക്കാറുള്ള മഴയുടെ ശരാശരി 102 ശതമാനം ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നത്''-ഡോ. രാജീവന്‍ പറഞ്ഞു. അറബിക്കടലില്‍ രൂപം കൊള്ളുന്ന പ്രത്യേക ന്യൂനമര്‍ദവ്യവസ്ഥയെ കുറിച്ച് ഡോ. രാജീവന്‍ സൂചിപ്പിച്ചു. ഇതും മണ്‍സൂണ്‍ മഴയെ സ്വാധീനിക്കും.
''അറബിക്കടലില്‍ ഒരു മണ്‍സൂണ്‍ വ്യവസ്ഥ കൂടി രൂപം കൊണ്ടിട്ടുണ്ട്. ഈ ന്യൂനമര്‍ദ്ദം മുംബൈയില്‍ നിന്ന് 690 കിലോമീറ്റര്‍ അകലെ, തെക്ക്-തെക്ക്പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നതായും കാണുന്നു''- ഡോ. മൊഹാപത്ര പറഞ്ഞു.
ഒരു ന്യൂനമര്‍ദ്ദ വ്യൂഹം വടക്കോട്ടും വടക്ക് കിഴക്കായും നീങ്ങുന്നതായും കാണുന്നുണ്ട്. അത് ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തീരത്ത് ജൂണ്‍ 3ന് എത്തിച്ചേരും.
''മഹാരാഷ്ട്രയിലും ഗുജറാത്തിലും ജൂണ്‍ 3 മുതല്‍ കനത്ത മഴ ലഭിക്കും. സിന്ധുദുര്‍ഗ്, താനെ, മുംബൈ പോലുള്ള മഹാരാഷ്ട്രയുടെ തീരദേശ ജില്ലകളില്‍ 20 സെമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ട്.''- ഡോ. മൊഹാപത്ര പറഞ്ഞു.
48 മണിക്കൂര്‍ സമയത്തേക്ക് അറബിക്കടലിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് കടല്‍ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കാലാവസ്ഥാവകുപ്പ് നിര്‍ദേശിച്ചു.
കേരളത്തിലാണ് ഇന്ന് മണ്‍സൂണിന് തുടക്കം കുറിച്ചത്. നാല്, അഞ്ച് മാസം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് നിര്‍ണായകമാണ്.
രാജ്യത്തെ 70ശതമാനം മഴയും മണ്‍സൂണ്‍ കാലത്താണ് ലഭിക്കുന്നത്.