കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമായ മുഈനലി തങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ലീഗ് കാംപയിന്‍. ലീഗിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലടക്കം മുഈനലിയെ ഒറ്റുകാരനായി ചിത്രീകരിക്കുന്ന തരത്തിലാണ് പ്രചാരണം.
കെടി ജലീലുമായി മുഈനലിയെ ബന്ധപ്പെടുത്തിയുള്ള ചിത്രങ്ങളും ലീഗ് കേന്ദ്രങ്ങള്‍ പുറത്തു വിട്ടു. ജലീലുമായി ഗൂഢാലോചന നടത്തിയാണ് മുഈനലി കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നതെന്ന സൂചനകളും ലീഗ് കേന്ദ്രങ്ങളുടെ പുതിയ പ്രചാരണങ്ങളിലിടം നേടി.
നേരത്തെ കത്‌വ, ഉന്നാവോ ഇരകള്‍ക്കു വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച തുക വകമാറ്റിയെന്ന മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം യൂസുഫ് പടനിലത്തിന്റെ ആരോപണം പരോക്ഷമായി ശരിവച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങള്‍ രംഗത്തുവന്നിരുന്നു. മുഈനലിയുടെ അന്നത്തെ രംഗപ്രവേശവും ലീഗിനെ പ്രതിരോധത്തിലാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ചാനലുകള്‍ക്ക് ഫോണ്‍ വഴി നല്‍കിയ അഭിമുഖത്തിലാണ് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ മുഈനലി ആരോപണങ്ങള്‍ ഉന്നയിച്ചത്.
യൂത്ത് ലീഗിനു പുറമെ എംഎസ്എഫും കത്‌വ ഫണ്ട് പിരിച്ചിട്ടുണ്ടെന്നും അതിനും കണക്കും കാര്യവുമൊന്നുമില്ലെന്നും അന്ന് മുഈനലി ശിഹാബ് തങ്ങള്‍ ആരോപിച്ചിരുന്നു. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന് മുഈനലി ആരോപണങ്ങളില്‍ നിന്നു പിന്‍മാറി. എങ്കിലും ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായിരുന്നു മുഈനലി.