മുഹമ്മദ് ഷഹബാസ് കൊലപാതക കേസ്: സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും

Update: 2025-03-05 05:49 GMT
മുഹമ്മദ് ഷഹബാസ് കൊലപാതക കേസ്: സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും

കോഴിക്കോട്: താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയെല്ലാം മൊഴി ഇന്നു രേഖപ്പെടുത്തും.ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ നിന്നും ലഭിച്ച തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, നഞ്ചക്ക് അടക്കമുള്ള ആയുധങ്ങള്‍ തുടങ്ങി ഇതുവരെ ശേഖരിച്ച തെളിവുകള്‍ താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.ഇവയുടെ ശാസ്ത്രീയ പരിശോധന കോടതി അനുമതിയോടെ നടക്കും.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു.

Tags:    

Similar News