കണ്ണൂര്‍: വെള്ളിത്തളികയില്‍ കോണ്‍ഗ്രസ് നല്‍കിയ സ്ഥാനമാനങ്ങള്‍ കൈപ്പറ്റിയ വ്യക്തിയാണ് പ്രഫ. കെ.വി. തോമസെന്നും ഇപ്പോള്‍ അദ്ദേഹം നടത്തിയത് കടുത്ത പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്നും കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി ഏറെ പരിഗണന കൊടുക്കുകയും സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്ത ശേഷം ഇപ്പോള്‍ പാര്‍ട്ടി അപമാനിച്ചെന്ന് പറയുന്നത് നന്ദികേടാണ്. ഇതിനു മുമ്പും ഇദ്ദേഹം പാര്‍ട്ടിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇനിയിത് അനുവദിക്കാനാവില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലുകയും അക്രമിക്കുകയും ചെയ്തു പോരുന്ന പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിനും ജീവനും വേണ്ടി മുഖാമുഖം പോരാട്ടം നടത്തുന്ന പാര്‍ട്ടി നടത്തുന്ന സെമിനാറില്‍ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് പങ്കെടുക്കുന്നത് അച്ചടക്കലംഘനം തന്നെയാണ്.
കെ.വി.തോമസിനെയും ശശി തരൂരിനെയും സെമിനാറില്‍ ക്ഷണിച്ചത് സിപിഎമ്മിന്റെ കുടിലതന്ത്രമാണ്. ഇക്കാര്യം ബോധ്യപ്പെട്ട ശശി തരൂര്‍ സെമിനാറില്‍ നിന്നും പിന്‍മാറി. എഐസിസിയും കെപിസിസിയും സെമിനാറില്‍ പങ്കെടുക്കരുതെന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടും താന്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് പറയുന്നത് പാര്‍ട്ടിയെ വെല്ലുവിളിക്കലാണ്. പ്രായത്തിന്റെ പേരില്‍ തന്നെ ഒതുക്കിയെന്നാണ് അദ്ദേഹം പറയുന്നത്. പ്രായത്തിന്റെ പേരില്‍ പാര്‍ട്ടി ആരെയും തഴഞ്ഞിട്ടില്ല. കെ.വി. തോമസ് ഏതു പാര്‍ട്ടിയില്‍ പോയാലും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഒരു പ്രശ്‌നവുമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.