മുണ്ടക്കൈ ദുരന്തം; ഇപ്പോള്‍ കേരളത്തിന് എത്ര രൂപ നല്‍കാന്‍ കഴിയും? കേന്ദ്രത്തോട് കോടതി
കൊച്ചി: മുണ്ടക്കൈ ദുരന്തത്തില്‍ സഹായം ചോദിച്ച കേരളത്തോട് എയര്‍ലിഫ്റ്റിങിന്റെ പണം ചോദിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കേരളത്തിന് ഇപ്പോള്‍ എത്ര രൂപ നല്‍കാനാകുമെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി. വയനാടിന് വേണ്ടി മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്തുകൂടെ എന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
സംസ്ഥാനസര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ടിന്റെ പൂര്‍ണമായ കണക്ക് കോടതി മുമ്പാകെ ഹാജരാക്കി. 700 കോടി രൂപയാണ് എസ്ഡിആര്‍എഫിലുള്ളത്. എന്നാല്‍ അതില്‍ 181 കോടി രൂപ മാത്രമാണ് ചിലവഴിക്കാന്‍ കഴിയുന്നതെന്നും ബാക്കിയുള്ള തുക മറ്റ് ആവശ്യങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുകയാണെന്നും കേരളം കോടതിയെ അറിയിച്ചു.
മുന്നിലുള്ള ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ അതത് സമയത്ത് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.വയനാട് കേസ് ജനുവരി 10 ലേക്ക് മാറ്റുകയും ചെയ്തു.