മൂന്നാര്‍ നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം; അഞ്ച് പശുക്കളെ കടിച്ച് കൊന്നു
ഇടുക്കി: വീണ്ടും ആക്രമണമുണ്ടായതോടെ മൂന്നാര്‍ നൈമക്കാട് മേഖലയില്‍ നാട്ടുകാര്‍ കടുവ ഭീതിയില്‍. ഇന്ന് തൊഴുത്തില്‍ കെട്ടിയിരുന്ന ഏഴ് പശുക്കളെ കടുവ ആക്രമിച്ചു. ഇതില്‍ അഞ്ച് പശുക്കള്‍ ചത്തു. മറ്റ് രണ്ട് പശുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടുദിവസത്തിനിടെ 10 പശുക്കളെയാണ് കടുവ കടിച്ചുകൊന്നത്. പ്രദേശം കഴിഞ്ഞ കുറേ നാളുകളായി കടുവ ഭീതിയിലാണ്. ഞായറാഴ്ച അഞ്ച് പശുക്കളെ കടുവ ആക്രമിച്ചതോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയിരുന്നു. കടുവയെ പിടിക്കണമെന്നും നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ മൂന്നാര്‍- ഉദുമല്‍പ്പേട്ട പാത ഉപരോധിച്ചത്. ഇതിന് പിന്നാലെ കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു.
കടുവയെ പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. പശുക്കളെ കൊന്നത് പ്രായമായ കടുവയാവില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. വേട്ട പരിശീലിപ്പിക്കാന്‍ അമ്മ കടുവ കുഞ്ഞിന് നല്‍കുന്ന പരിശീലനമാവാമെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചു. കടുവയെ മയക്കുവെടിവച്ച് പിടികൂടുന്ന കാര്യവും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൊഴുത്തില്‍ കെട്ടിയിരുന്ന കിടാവടക്കം അഞ്ച് പശുക്കളെ കടുവ കടിച്ചുകൊന്നിരുന്നു.
ആക്രമണത്തിനിടെ പരിക്കേറ്റ മറ്റൊരു പശു കാട്ടിലേക്ക് ഓടിപ്പോയെങ്കിലും രാവിലെ കണ്ടെത്തി. ഇതിന് ആവശ്യമായ ചികില്‍സ നല്‍കി. പ്രദേശത്ത് കുറച്ചുനാള്‍ മുന്‍പ് സമാനമായ രീതിയില്‍ കടുവയുടെ ആക്രമണമുണ്ടായിരുന്നു. എങ്കിലും കടുവയെ പിടികൂടാനായില്ല. ഇതോടെയാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇരവികുളം ദേശീയ പാര്‍ക്കിന്റെ മുന്നില്‍ റോഡ് ഉപരോധിച്ചത്. അഞ്ച് പശുക്കളുടെ നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്നും കടുവയെ പിടിക്കാന്‍ കൂടും നിരീക്ഷണത്തിന് കൂടുതല്‍ കാമറകളും സ്ഥാപിക്കുമെന്നും ഉറപ്പുനല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.