യുവാവിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് തലയ്ക്കടിച്ചു കൊന്നു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

വാടാനപ്പള്ളി(തൃശൂര്‍): യുവാവിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടു കൊന്നു. തൃത്തല്ലൂര്‍ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ സ്വദേശിയായ പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്റെ മകന്‍ അനില്‍കുമാര്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സുഹൃത്ത് അനില്‍ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് തന്നെയാണ് വിവരം കട ഉടമയെ അറിയിച്ചത്. ഗുരുതരമായ പരിക്കേറ്റ അനില്‍കുമാറിനെ ആംബുലന്‍സില്‍ ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകത്തില്‍ സഹ പ്രവര്‍ത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോ (39) യെ പോലിസ് പിടികൂടിയിട്ടുണ്ട്. മദ്യ ലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.