ലഖിംപൂരില്‍ ഐക്യദാര്‍ഢ്യവുമായി മുസ് ലിം ലീഗ് നേതൃസംഘം; കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്ന് ഇ ടി

Update: 2021-10-10 13:22 GMT

ലഖിംപുര്‍ ഖേരി: രാജ്യം നടുങ്ങിയ ക്രൂരമായ കര്‍ഷകഹത്യക്ക് സാക്ഷ്യം വഹിച്ച ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ മുസ് ലിം ലീഗ് ദേശീയ നേതൃസംഘം സന്ദര്‍ശിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി യുടെ നേതൃത്വത്തിലാണ് കൊല്ലപ്പെട്ട 19 വയസുകാരന്‍ ലവ് പ്രീത് സിംഗിന്റെയും മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെയും വീട്ടിലെത്തി മുസ് ലിം ലീഗിന്റെയും കേരളത്തിന്റെയും ഐക്യദാര്‍ഢ്യമറിയിച്ചത്. മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എം പി മുഹമ്മദ് കോയ, യു പി സംസ്ഥാന പ്രസിഡണ്ട് ഡോ. മതീന്‍ ഖാന്‍, മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം, ഫുര്‍ഖാന്‍ ഖാന്‍, പപ്പു ഖാന്‍ എന്നിവര്‍ നേതൃസംഘത്തിലുണ്ടായിരുന്നു. 

ലഖിംപൂരിലെ പാലിയ ഗ്രാമത്തിലെ ചോക്ര ഫാമിലെ ലവ് പ്രീത് സിംഗിന്റെ വസതിയിലാണ് നേതാക്കള്‍ ആദ്യമെത്തിയത്. 19 വയസുകാരനായിരുന്ന ഏക മകന്‍ ലവ്പ്രീതിന്റെ പിതാവ് സത്‌നംസിംഗ്, മാതാവ് സത്വേന്ദര്‍ കൗര്‍, സഹോദരിമാരായ ഗഗന്‍ദീപ് കൗര്‍, അമന്‍ ദീപ് കൗര്‍ എന്നിവരെ നേതാക്കള്‍ കണ്ടു.

പാലിയ എന്ന കര്‍ഷകഗ്രാമത്തില്‍ നിന്ന് കേന്ദ്ര മന്ത്രി അജയ് മിശ്രയും യു പി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുക്കുന്ന പരിപാടിയിലേക്ക് കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ രാവിലെ വീട്ടില്‍ നിന്നു പുറപ്പെട്ട ലവ് പ്രീത് സിംഗ്, അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെയും കൂട്ടാളികളുടെയും വാഹനങ്ങളുടെ ചക്രങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞില്ലാതായ സംഭവം കുടുംബം നേതാക്കളോട് വിശദീകരിച്ചു. പിതാവിനെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ഇ ടി മുഹമ്മദ് ബഷീര്‍ കേരളത്തിന്റെ പൊതു സമൂഹവും മുസ് ലിം ലീഗ് പാര്‍ട്ടിയും കൂടെയുണ്ടെന്നറിയിച്ചു. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി.

കൊലപാതകത്തിന്റെ ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജിവച്ചൊഴിയണമെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം. സമാധാനപരമായ സമരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് അമിത വേഗതയില്‍ വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്ന് സംഭവത്തിലെ ദൃക്‌സാക്ഷിയും സന്നദ്ധ പ്രവര്‍ത്തകനുമായ ദേവി പ്രസാദ് ഭന്‍വാരിയ പറഞ്ഞു. അതൊരപകടമായിരുന്നില്ല. പുറത്ത് വന്ന ദൃശ്യങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. കൊലക്കേസ് ചുമതലപ്പെട്ട പ്രതി ആശിഷ് മിശ്ര അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും യു പി പോലിസിന്റെ അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തുകയാണ് പിതാവ്. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനും വേണ്ടി പ്രതിഷേധിക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ദൂരം താണ്ടി എത്തിയ മുസ് ലിം ലീഗ് സംഘത്തോട് കുടുംബം നന്ദി അറിയിച്ചു.

സംഭവദിവസം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ വസതിയിലാണ് നേതാക്കള്‍ പിന്നീട് സന്ദര്‍ശനം നടത്തിയത്. രാജസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാധന ടൈംസ് എന്ന ചാനലിന്റെ റിപോര്‍ട്ടര്‍ ആയിരുന്ന രമണ്‍ കശ്യപ് ചിത്രീകരിച്ച ദൃശ്യങ്ങളിലൂടെയാണ് സത്യം ലോകത്തിന് മുന്നിലെത്തിയത്. കര്‍ഷകര്‍ മരിച്ചത് യാദൃശ്ചികമായി ഉണ്ടായ അപകടത്തിലായിരുന്നു എന്നതടക്കം ആദ്യഘട്ടത്തില്‍ ബി ജെ പി പ്രചരിപ്പിച്ച നുണകളൊക്കെ തകര്‍ന്നുവീണത് രമണ്‍ കശ്യപ് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ധീരതക്ക് മുന്നിലായിരുന്നു. ദേശീയ മാധ്യമങ്ങള്‍ മോദി സ്തുതികളിലും നുണകളിലും അഭിരമിക്കുമ്പോള്‍ സത്യം പറയുക എന്ന മാധ്യമ ധര്‍മ്മം നിറവേറ്റാന്‍ ജീവന്‍ ബലി നല്‍കിയ അങ്ങയുടെ മകന്റെ ത്യാഗത്തെ രാജ്യം എന്നുമോര്‍ക്കുമെന്ന് ഇ ടി, പിതാവ് രാംദുലാരിയോട് പറഞ്ഞു.

പതിവുപോലെ ജോലിക്ക് പോയ ഭര്‍ത്താവിന്റെ മൃതശരീരം കാണേണ്ടി വന്ന നടുക്കത്തിലാണ് ഭാര്യ ആരാധന ദേവി. 11 വയസുകാരി വൈഷ്ണവിയും രണ്ടര വയസുകാരന്‍ അഭിനവും അമ്മ സന്തോഷികുമാരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രമണ്‍ കശ്യപ്. സമാനതകളില്ലാത്ത ക്രൂരതക്ക് നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിയുടെ മകനെ സംരക്ഷിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് ഇ ടി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവക്കണം. ആകാശത്തിനു താഴെ എല്ലാറ്റിലും പ്രതികരിക്കുന്ന പ്രധാനമന്ത്രി തുടരുന്ന മൗനം ലജജാകരമാണ്. യു പി യില്‍ പതഞ്ഞുയരുന്ന കര്‍ഷകരോഷം ബിജെപിയെ തകര്‍ത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News