നിലപാട് പറയുമ്പോള്‍ നേതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാവരുത്: സാദിഖലി ശിഹാബ് തങ്ങള്‍

Update: 2022-10-05 09:20 GMT

മലപ്പുറം: പാര്‍ട്ടി നിലപാട് പറയുമ്പോള്‍ നേതാക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാവരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നേതാക്കള്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നത് ഏകസ്വരത്തിലായിരിക്കണം. അഭിപ്രായങ്ങള്‍ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്ന തരത്തിലാവരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ ജനാധിപത്യവാദിയാണ്. ജനാധിപത്യരാജ്യത്താണ് നാം ജീവിക്കുന്നത്. അവിടെയൊക്കെയെടുക്കുന്ന നിലപാടുകള്‍ പ്രസക്തവും പ്രധാനവുമാണ്.

പാര്‍ട്ടിക്ക് ഒറ്റ നിലപാടേ പാടുള്ളൂ. അത് ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കേണ്ടത് നേതാക്കന്‍മാരാണ്. അണികള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാവരുത്. പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. സംഘടനയ്ക്കുള്ളില്‍ ഐക്യമുണ്ടാവണമെന്നും സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ലീഗ് യോഗം ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കുമെന്നാണ് ലീഗ് ദേശീയ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ പറഞ്ഞത്.

മുനീറിന്റെ നിലപാട് തള്ളി കെ എം ഷാജിയും രംഗത്തുവന്നു. ഇതോടെ പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് പോപുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ കാര്യത്തില്‍ മുസ്‌ലിം ലീഗ് യോഗം ചേര്‍ന്ന് ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചത്. നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും ഏകപക്ഷീയമാണെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയത്. പോപുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ലീഗിന് സംശയമുണ്ടെന്നും ഇതിലും തീവ്രനിലപാടുള്ള സംഘടനകളെ തൊടാതെ പോപുലര്‍ ഫ്രണ്ടിനെതിരേ മാത്രം നടപടിയെടുത്തത് ഏകപക്ഷീയമാണെന്നുമാണ് പി എം എ സലാം പറഞ്ഞത്.

Tags:    

Similar News