ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മുസ് ലിംകള്‍: യോഗി ആദിത്യനാഥിനോട് കൊമ്പ്‌കോര്‍ത്ത് ഉവൈസി
ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ് ലിംകളാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) മേധാവി അസദുദ്ദീന്‍ ഉവൈസി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ജനസംഖ്യാ അസന്തുലിതാവസ്ഥ' പരാമര്‍ശത്തിന് തൊട്ടുപിന്നാലെയാണ് ഉവൈസി അദ്ദേഹത്തെ തിരുത്തി രംഗത്തുവന്നത്.
'മുസ്‌ലിംകള്‍ ഇന്ത്യയിലെ സ്വദേശികളല്ലേ? യാഥാര്‍ത്ഥത്തില്‍ ആദിവാസികളും ദ്രാവിഡരും മാത്രമാണ് തദ്ദേശീയര്‍. ഒരു നിയമത്തിന്റെയും സഹായമില്ലാതെ ഉത്തര്‍പ്രദേശില്‍ 2026-2030 ഓടെ നാം ആഗ്രഹിക്കുന്ന പ്രത്യുല്‍പാദന നിരക്ക് കൈവരിക്കും'- ഉവൈസി പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്ത് ഒരു നിയമവും ആവശ്യമില്ലെന്ന് അവരുടെ ആരോഗ്യമന്ത്രിയാണ് പറഞ്ഞത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് മുസ് ലിംകളാണ്. 2016ല്‍ പ്രത്യുല്‍പ്പാദനനിരക്ക് 2.6 ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2.3ആണ്. ഇന്ത്യയിലെ ജനസംഖ്യാവിതരണം ലോകത്തിലെത്തന്നെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
2023ല്‍ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന യുഎന്‍ റിപോര്‍ട്ട് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് യോഗി മുസ് ലിംകളെ ലക്ഷ്യമിട്ട് ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ട് പോകണമെന്നും അതേസമയം 'ജനസംഖ്യാ അസന്തുലിതാവസ്ഥ' അനുവദിക്കില്ലെന്നുമാണ് യോഗി പറഞ്ഞത്. നിര്‍ബന്ധിതമായും ബോധവല്‍ക്കരണത്തിലൂടെയും ജനസംഖ്യ വളര്‍ച്ചയുടെ വേഗത കുറയ്ക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്‌സിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട്‌സ് 2022ന്റെ റിപോര്‍ട്ട് അനുസരിച്ച്, 2022 നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടിയാകും. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030ല്‍ 850കോടിയും 2050ല്‍ 970 കോടിയുമാകും. 2100ല്‍ 1040 കോടിയായി ഉയരും.