ആവിക്കല്‍ തോട്:മോഹനന്‍ മാസ്റ്റര്‍ ബിജെപി പിന്തുണയോടെ സമരക്കാരെ തീവ്രവാദികളാക്കുന്നു:മുസ്തഫ കൊമ്മേരി
രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കില്‍ മേയര്‍ പുറത്താക്കാന്‍ സിപിഎം ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട്:ജനവാസ കേന്ദ്രമായ ആവിക്കല്‍ തോടില്‍ നിന്നും കക്കൂസ് മാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ജനങ്ങളെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ തീവ്രവാദികളെന്ന് വിളിച്ചുകൊണ്ടിരിക്കുന്നത് ബിജെപി പിന്തുണയോടെ പദ്ധതി നടപ്പിലാക്കാമെന്ന വ്യാമോഹത്തോടെയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി.ആവിക്കല്‍തോട് കക്കൂസ് മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിലെ സിപിഎം ബിജെപി കൂട്ടുകെട്ട് കക്കൂസ് മാലിന്യത്തെക്കാളും ദുര്‍ഗന്ധം വമിക്കുന്നതാണെന്നും മുസ്തഫ കൊമ്മേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍പ്പെട്ട പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുവാന്‍ സിപിഎം വാശി പിടിക്കുന്നു.ഇതിന് ബിജെപി പിന്തുണ നല്‍കുന്നു.മേയര്‍ ബീനാ ഫിലിപ്പ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതും പിന്തുണ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ്.പിന്നീട് ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നേതൃത്വം അവരെ തള്ളിയ നടപടി.രാഷ്ട്രീയ സത്യസന്ധതയുണ്ടെങ്കില്‍ മേയര്‍ പുറത്താക്കാന്‍ സിപിഎം ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനദ്രോഹ വികസനത്തില്‍ ഒറ്റപ്പെട്ട സിപിഎം ബിജെപിയെ കൂട്ടുപിടിക്കുകയാണ്.ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്ത് കക്കൂസ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള ധാര്‍ഷ്ട്യം സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടാണ്.സര്‍ക്കാര്‍ വിശദീകരിക്കുന്നത് പോലെ ജനോപകാരപ്രദമായ പദ്ധതിയാണെങ്കില്‍ സിപിഎമ്മിന് ഭൂരിപക്ഷമുള്ള വാര്‍ഡില്‍ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്ന ആവിക്കല്‍ തോട് വാസികളുടെ ചോദ്യത്തിന് മറുപടി പറയാന്‍ കഴിയാത്ത മോഹനന്‍ മാസ്റ്റര്‍, തീവ്രവാദ ചാപ്പയും ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃത വാദവും പുലമ്പി സമരക്കാരില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം അപഹാസ്യമാണ്.
ജനങ്ങളെ ദ്രോഹിക്കുന്ന സിപിഎമ്മിനെ ഒറ്റപ്പെടുത്തണം.പിറന്ന നാടിന് വേണ്ടി സമരം ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിച്ച സിപിഎം കേരള ജനതക്ക് അപമാനമാണ്.നഗര വികസനം നാട്ടുകാര്‍ക്കുള്ള നരക വികസനമാകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ജന വിരുദ്ധ നിലപാട് മാറ്റിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചത് പോലെ കേരളത്തിലും സിപിഎമ്മിന്റെ നാശത്തിന് ഇത്തരം നിലപാടുകള്‍ വഴിമരുന്നിടുമെന്നും അദ്ദേഹം പറഞ്ഞു.ആവിക്കല്‍ തോട് പ്ലാന്റ് വേണ്ട എന്നുള്ളത് ജനാഭിലാഷമാണ്,ഇതില്‍ രാഷ്ട്രീയമില്ല.ജനങ്ങള്‍ ജീവിക്കുവാനുള്ള പോരാട്ടമാണ് നടത്തുന്നത്.ഈ സമരത്തില്‍ പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.