പട്ടാള അട്ടിമറിക്കെതിരേ പ്രതിഷേധം: മ്യാന്‍മറില്‍ സൈന്യം പതിനൊന്നു പേരെ വെടിവച്ചുകൊന്നു
യങ്കൂണ്‍: മ്യാന്‍മറില്‍ നടന്ന പട്ടാള അട്ടിമറിയില്‍ പ്രതിഷേധിച്ച പതിനൊന്നു പേരെ സൈന്യം കൊലപ്പെടുത്തി. ബുധനാഴ്ചമാത്രമാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത്.
ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ 18 പേര്‍ മരിച്ചിരുന്നു. കൂടാതെ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പട്ടാളം സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ നടപടിയെടുക്കുകയായിരുന്നെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്കുശേഷം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഞായറാഴ്ചയാണ്.
പട്ടാളം പ്രക്ഷോഭകര്‍ക്കെതിരേ മാരകായുധങ്ങള്‍ ഉപയോഗിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായും യുഎന്‍ പറയുന്നു.
ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് എല്ലാ മരണങ്ങളും നടന്നതെന്ന് യുഎന്‍ വക്താവ് രവിന ഷംദസാനിയും പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സമരങ്ങളും പട്ടാളനടപടികളും പകര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തരായ 15 പേരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്ടുണ്ട്.
ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫെബ്രുവരി ആദ്യ വാരത്തിലാണ് സൈന്യം മ്യാന്‍മറില്‍ അധികാരം പിടിച്ചെടുത്തത്. അതേ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.
സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ത്തിയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.