മ്യാന്‍മറില്‍ സൈനികഭരണത്തിനെതിരേ പ്രതിഷേധിച്ച കുട്ടികളടക്കം 27 പേരെ കൊലപ്പെടുത്തി; നടുക്കം രേഖപ്പെടുത്തി അമേരിക്ക
വാഷിങ്ടണ്‍: മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരേ പ്രതിരോധമുയര്‍ത്തിയ 27 പേരെ വെടിവച്ചുകൊന്ന നടപടിയില്‍ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ വക്താവ് നെഡ് പ്രൈസ് നടുക്കം രേഖപ്പെടുത്തി. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടാളം പ്രക്ഷോഭകരെ വെടിവച്ച് കൊന്നത്.
''സംഭവത്തില്‍ അമേരിക്കക്ക് വലിയ ഞെട്ടലാണ് അനുഭവപ്പെട്ടത്. മ്യാന്‍മറിലെ സുരക്ഷാ സേന അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയതും കൊലപ്പെടുത്തിയതും. ആകെ 27 പേര്‍ മരിച്ചു, മരിച്ചവരില്‍ കുട്ടികളുമുണ്ട്''- അദ്ദേഹം പറഞ്ഞു.
ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെച്ചൊല്ലി പട്ടാളവും സിവില്‍ അധികാരികളും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു നടപടി. സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അധികാരം പിടിച്ചെടുക്കുമെന്ന് പട്ടാളം നേരത്തെ സൂചന നല്‍കിയിരുന്നു.
ടെലിവിഷന്‍ ചാനല്‍ വഴിയാണ് സൈന്യം അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. അതിനെതിരേ രാജ്യമാസകലം വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതിനകം നിരവധി പ്രക്ഷോഭകര്‍ മരിച്ചു. മിക്കവരെയും സൈന്യം വെവിച്ചകൊല്ലുകയായിരുന്നു.