മാവോവാദികളെ ഒതുക്കാന്‍ ദേശീയഗാനവും; പുതിയ പരീക്ഷണങ്ങളുമായി മഹാരാഷ്ട്ര പോലിസ്

Update: 2022-09-18 06:46 GMT

മുംബൈ: 1992ല്‍ നക്‌സലൈറ്റ് നേതാവ് സന്തോഷ് അണ്ണ കൊല്ലപ്പെട്ട ഗ്രാമത്തില്‍ മാവോവാദികളുടെ സ്വാധീനം കുറയ്ക്കാന്‍ പുതു പരീക്ഷണവുമായി മഹാരാഷ്ട്രപോലിസ്. ഗ്രാമവാസികളെക്കൊണ്ട് എല്ലാ ദിവസവും ദേശീയഗാനം ആലപിക്കുന്നതാണ് പരിപാടി. മാവോവാദി സ്വത്വം പൊഴിച്ചുകളയുന്നതിന് ഗ്രാമവാസികള്‍ തന്നെയാണ് ദേശീയഗാനം ആലപിക്കുന്നതിന് തുടക്കം കുറിച്ചതെന്നാണ് പോലിസും ചില മാധ്യമങ്ങളും പറയുന്നത്.

ഇങ്ങനെ ഒരുമിച്ച് നിന്ന് ദേശീയഗാനം പാടിയാല്‍ ഗ്രാമീണരുടെ ദേശീയബോധവും ദേശാഭിമാനവും വര്‍ധിക്കുമെന്നും ഗച്ച്‌റോളി പോലിസ് സൂപ്രണ്ട് അന്‍കിത് ഗോയല്‍ പറഞ്ഞു.

മുംബൈയില്‍നിന്ന് 900 കിലോമീറ്റര്‍ അകലെ മുല്‍ചേരയിലാണ് 2500ഓളം പേര്‍ അതിവസിക്കുന്ന ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പകുതിപേര്‍ ആദിവാസികളും മറുപകുതി ബംഗാളില്‍നിന്നുള്ള കുടിയേറ്റക്കാരുമാണ്.

തെരുവിലെ കടയുടമകള്‍, സവാരിക്കാര്‍, വാഹനങ്ങള്‍ എന്നിവയൊക്കെ ദേശീയഗാനം ആലപിക്കുന്ന സമയത്ത് നിര്‍ത്തിയിടണം.

ഗ്രാമത്തിലേക്കുള്ള ആകെ രണ്ട് ബസ് സര്‍വീസും നിര്‍ത്തിവയ്ക്കും.

ദേശീയ ഗാനം തുടങ്ങും മുമ്പ് പോലിസ് എത്തി ദേശഭക്തിഗാനം വച്ചുകൊടുക്കും. ഇത് ഊര്‍ജം പകര്‍ന്നുനല്‍കുമെന്ന് പോലിസ് അവകാശപ്പെട്ടു.

മുല്‍ചേര ദേശീയഗാനം ആലപിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാമമല്ല. മഹാരാഷ്ട്രയിലെ മറ്റൊരു ഗ്രാമത്തിലും തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ ഭില്‍വാഡി ഗ്രാമത്തിലും ഇതുണ്ട്.

ഈ ഗ്രാമത്തിന്റെ സമീപത്തുള്ള വിവേകാനന്ദപൂരിലും ഈ ദേശീയഗാനാലാപനമുണ്ട്. എല്ലാ ദിവസവും രാവിലെ 8.45നാണ് ഇത് ആലപിക്കുന്നത്.

വിവേകാനന്ദപൂരിലും പോലിസ് ലൗഡ് സ്പീക്കറില്‍ ദേശീയഗാനത്തിനുമുന്‍പുള്ള ദേശഭക്തിഗാനം കേള്‍പ്പിക്കും.

Tags:    

Similar News