'നമ്മുടെ കോഴിക്കോട്' ആപ്ലിക്കേഷന് ദേശീയ പുരസ്‌കാരം

രാജ്യത്തെ 674 ജില്ലകള്‍ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും 374 ജില്ലകള്‍ പദ്ധതി രൂപരേഖ സമര്‍പ്പിക്കുകയും ചെയ്തു. പദ്ധതി പൂര്‍ണ്ണമായും സമര്‍പ്പിച്ച 81 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 20 ജില്ലകളില്‍ കോഴിക്കോട് ഉള്‍പ്പെടുകയും ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടുകയുമായിരുന്നു.

Update: 2021-05-28 14:42 GMT

കോഴിക്കോട്: ജനോപകാരപ്രദമായ രീതിയില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുമായി യോജിച്ച് ജില്ലകള്‍ ആവിഷ്‌കരിക്കുന്ന നൂതന ആശയങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരത്തിന് നമ്മുടെ കോഴിക്കോട്' ആപ്ലിക്കേഷന്‍ അര്‍ഹമായി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററുകള്‍ അടിസ്ഥാനമാക്കി നടത്തിയ ഡിസ്ട്രിക്ട് ഗവേണന്‍സ് മൊബൈല്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനമായ ഗോള്‍ഡന്‍ അവാര്‍ഡാണ് ലഭിച്ചത്.

ഡല്‍ഹിയില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ നീത വര്‍മ്മ അവാര്‍ഡ് പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മേഴ്‌സി സെബാസ്റ്റ്യന്‍, അഡീ. ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ റ്റി.ഡി. റോളി എന്നിവര്‍ കലക്ടറേറ്റില്‍ നിന്നും ഓണ്‍ലൈനായി പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു പദ്ധതി വിശദീകരിച്ചു.

രാജ്യത്തെ 674 ജില്ലകള്‍ മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും 374 ജില്ലകള്‍ പദ്ധതി രൂപരേഖ സമര്‍പ്പിക്കുകയും ചെയ്തു. പദ്ധതി പൂര്‍ണ്ണമായും സമര്‍പ്പിച്ച 81 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 20 ജില്ലകളില്‍ കോഴിക്കോട് ഉള്‍പ്പെടുകയും ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടുകയുമായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ നേരിട്ട് പൊതുജനങ്ങളിലെത്തിക്കുന്നതിന് തയ്യാറാക്കിയ 'നമ്മുടെ കോഴിക്കോട് ' മൊബൈല്‍ ആപ്ലിക്കേഷനില്‍ സര്‍ക്കാറിന്റെ ആനുകൂല്യങ്ങളെയും ക്ഷേമപദ്ധതികളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരവും ലഭ്യമാണ്.

പൊതുജന സേവകരുമായി ആവശ്യാനുസരണം കൂടിക്കാഴ്ച്ചക്കായി മുന്‍കൂര്‍ നിശ്ചയിക്കാനും നേരിട്ടോ, വീഡിയോ/ഫോണ്‍കോളിലൂടെയോ സംസാരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. മൂന്ന് സെക്കന്റിലേറെ സമയം എ്‌സ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തി അടിയന്തര സഹായം തേടാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. പദ്ധതി ആസൂത്രണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള ഘട്ടങ്ങളില്‍ മുഴുവന്‍ പൗരന്മാരുടേയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് 'നമ്മുടെ കോഴിക്കോടി'ന്റെ ലക്ഷ്യം.

Tags:    

Similar News