ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍: കേരളം നാളെ മൂന്നാം മത്സരത്തിന്; പഞ്ചാബിനും മഹാരാഷ്ട്രയ്ക്കും സിക്കിമിനും ജയം

Update: 2021-12-01 16:17 GMT

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം നാളെ മധ്യപ്രദേശിനെ നേരിടും. രണ്ടു കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായാണ് കേരളം അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങുന്നത്. ബുധനാഴ്ച കോഴിക്കോട് നടന്ന മത്സരങ്ങളില്‍ പഞ്ചാബും മഹാരാഷ്ട്രയും സിക്കിമും ജയം നേടി. വെസ്റ്റ് ബംഗാളും തമിഴ്‌നാടും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു.

കോര്‍പറേഷന്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ജമ്മു ആന്റ് കാശ്മീരിനെതിരെ മഹാരാഷ്ട്ര രണ്ടു ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയുടെ 47ാം മിനുട്ടില്‍ ഐശ്വര്യ ബോന്‍ഡേയും 88ാം മിനുട്ടില്‍ സപ്‌നാ ജയ്‌സ്വാറുമാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പി ഇ യില്‍ രണ്ടു കളികളും ജയിച്ച മഹാരാഷ്ട്ര ആറു പോയിന്റുമായി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. കളിച്ച രണ്ടു കളിയിലും തോറ്റ ജമ്മു ആന്റ് കാശ്മീര്‍ പുറത്തായി. രണ്ടാമത്തെ കളിയില്‍ സിക്കിം എതിരില്ലാത്ത രണ്ടു ഗോളിനാണ് അരുണാചല്‍പ്രദേശിനെ തോല്‍പ്പിച്ചത്. കളിയുടെ ഒന്നാം മിനുട്ടില്‍ തന്നെ സുജു ഹംഗ്മ ലിമ്പൂയാണ് സിക്കിമിനായി ഗോള്‍ നേടിയത്. 67ാം മിനുട്ടില്‍ പ്രഖില തമാംഗ രണ്ടാം ഗോളും നേടിയതോടെ സിക്കിം ഗ്രൂപ്പിലെ രണ്ടാം ജയവും ഉറപ്പിച്ചു.

മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ തെലങ്കാനക്കെതിരെ തുടര്‍ച്ചയായി ഗോളടിച്ചുകൂട്ടി കൂറ്റന്‍ ജയമാണ് പഞ്ചാബ് നേടിയത്. മറുപടിയില്ലാത്ത 21 ഗോളുകള്‍ക്കാണ് പഞ്ചാബ് തെലങ്കാനയെ തകര്‍ത്തത്. ആദ്യപകുതിയില്‍ 11 ഗോളുകള്‍ നേടിയ പഞ്ചാബ് രണ്ടാംപകുതിയില്‍ 10 ഗോളുകള്‍ കൂടി നേടി. ഏഴ് ഗോളുകള്‍ വീതം നേടിയ ദീപികയും നിഷയുമാണ് പഞ്ചാബിന് വമ്പന്‍ ജയമൊരുക്കിയത്. നാല് ഗോളുകള്‍ നേടിയ ആശാകുമാരിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. തെലങ്കാന ആദ്യ കളിയില്‍ എതിരില്ലാത്ത 20 ഗോളിന് തമിഴ്‌നാടിനോടും തോറ്റിരുന്നു.

രണ്ടാം മത്സരത്തില്‍ വെസ്റ്റ് ബംഗാളും തമിഴ്‌നാടും ഓരോ ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. തമിഴ്‌നാടിന് വേണ്ടി 20ാം മിനുട്ടില്‍ സന്ധ്യയും വെസ്റ്റ് ബംഗാളിനായി 45ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ സുമിത്ര മറാന്‍ഡിയുമാണ് ഗോളുകള്‍ നേടിയത്. വെസ്റ്റ് ബംഗാള്‍ ആദ്യ കളിയില്‍ പഞ്ചാബിനോടും സമനില വഴങ്ങിയിരുന്നു.

ഒരു ജയവും ഒരു തോല്‍വിയുമായാണ് കേരളം വ്യാഴാഴ്ച മധ്യപ്രദേശുമായി മൂന്നാം മത്സരത്തിനിറങ്ങുന്നത്. രാവിലെ 9.30ന് കോര്‍പറേഷന്‍ ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാമത്തെ കളിയില്‍ ഉത്തരാഖണ്ഡിനോട് 31ന് ജയിച്ചെങ്കിലും ആദ്യ കളിയില്‍ അവസാനമിനിറ്റില്‍ ഗോള്‍ വഴങ്ങി മിസോറമിനോട് തോറ്റത് കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നത്തിന് തിരിച്ചടിയായി. മധ്യപ്രദേശിനോട് ജയിച്ചാലും ക്വാര്‍ട്ടറിലെത്താന്‍ നേരിയ സാധ്യത മാത്രമേ അവശേഷിക്കുന്നുള്ളൂ. രണ്ടു കളിയും ജയിച്ച് ആറ് പോയിന്റോടെ മിസോറമാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഉത്തരാഖണ്ഡാണ് മിസോറമിന്റെ എതിരാളികള്‍. ജയിച്ചാല്‍ മിസോറം ക്വാര്‍ട്ടറിലെത്തും. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്ന ടീം മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുക.

മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന മത്സരത്തില്‍ ഒഡിഷ ഹരിയാനയെയും ഉച്ചയ്ക്ക് 2.30ന് ഗുജറാത്ത് ആന്ധ്രപദേശിനേയും നേരിടും.

Tags:    

Similar News