'തദ്ദേശിയരും കുടിയേറ്റക്കാരും'; ത്രിപുരയില്‍ ബിജെപി നേതൃത്വത്തില്‍ അരങ്ങേറുന്നത് അതിവിചിത്ര രാഷ്ട്രീയനാടകങ്ങള്‍
അഗര്‍ത്തല: അധികാര രാഷ്ട്രീയത്തില്‍ മുദ്രാവാക്യങ്ങള്‍ അധികാരശ്രേണിയിലെത്താനുള്ള ചില മാര്‍ഗങ്ങളാണ്. ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും ഇല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ കഴിയുന്നതുമായ ആവശ്യം. ത്രിപുരയില്‍ അരങ്ങേറുന്നതും സമാനമായ കാര്യങ്ങളാണ്.
ത്രിപുര പീപ്പിള്‍സ് ഫ്രണ്ട് (ടിപിഎഫ്)നേതാവ് പതാല്‍ കന്യാ ജമാതിയ കഴിഞ്ഞ ദിവസം അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. സ്വാഭാവികമായും അവരുടെ പാര്‍ട്ടിയും ഫലത്തില്‍ ബിജെപിയുടെ ഭാഗമാകും. ത്രിപുരയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തിന്റെ പാര്‍ട്ടികളിലൊന്നാണ് ജമാതിയയുടെ ടിപിഎഫ്. ഇത് ത്രിപുര രാഷ്ട്രീയത്തിലെ ഏക ഗോത്ര വര്‍ഗ പാര്‍ട്ടിയല്ല.
ത്രിപുരയിലെ രാഷ്ട്രീയം അടിസ്ഥാനപരമായി രണ്ട് കേന്ദ്രങ്ങള്‍ക്കിടയിലാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ഗോത്ര താല്‍പര്യവും കുടിയേറ്റ താല്‍പര്യവും.
ഗോത്രവര്‍ഗക്കാര്‍ അവിടെ ജനിച്ചുവളര്‍ന്ന തദ്ദേശീയരാണ്. കുടിയേറ്റക്കാര്‍ ബംഗ്ലാദേശില്‍നിന്നും ബംഗാളിന്റെ മറ്റ് മേഖലയില്‍നിന്നും കുടിയേറിയവരാണ്. കുടിയേറ്റക്കാരെ പുറത്താക്കണമെന്നതാണ് ഗോത്രവര്‍ഗ പാര്‍ട്ടികളുടെ താല്‍പര്യം. അവര്‍ കുടിയേറ്റ ഹിന്ദുക്കളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്.
ത്രിപുരയില്‍ 60 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. അതില്‍ 20 എണ്ണം ഗോത്രവര്‍ഗ സംവരണമണ്ഡലങ്ങളാണ്. 15 എണ്ണത്തില്‍ ഗോത്രവര്‍ഗക്കാരുടെ വോട്ട് നിര്‍ണാകയവും. ഈ സാഹചര്യത്തില്‍ അധികാരരാഷ്ട്രീയത്തില്‍ ഗോത്രവര്‍ഗക്കാരുടെ പിന്തുണ പ്രധാനമാണ്. മറ്റ് മണ്ഡലങ്ങളില്‍ ഹിന്ദു കുടിയേറ്റക്കാര്‍ക്കാണ് പ്രാമുഖ്യം.
ഗോത്രവര്‍ഗ മേഖലയില്‍ പ്രാമുഖ്യമുണ്ടായിരുന്ന പാര്‍ട്ടികളിലൊന്നാണ് സിപിഎം. ഇപ്പോള്‍ അവര്‍ ദുര്‍ബലമാണെന്നുമാത്രമല്ല, ഇല്ലെന്നുതന്നെ പറയാം. ഹിന്ദു കുടിയേറ്റക്കാരുടെ പാര്‍ട്ടിയാണ് ബിജെപി. ഈ പ്രശ്‌നം ബിജെപിയും ഗോത്രവര്‍ഗ പാട്ടികള്‍ക്കുമിടയിലുണ്ട്. ത്രിപുര പീപ്പിള്‍സ് ഫ്രണ്ട് നേതാവിനെ കൂടെ കൂട്ടിയതോടെ ഇതിന് മാറ്റം വന്നിരിക്കുകയാണ്. ഗോത്രവര്‍ഗക്കാരില്‍ ഒരു വിഭാഗത്തെ സ്വന്തം സ്വാധീനത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.
പക്ഷേ, അത് മറ്റ് ചില പ്രതിസന്ധികള്‍ക്ക് കാരണമാകും. കുടിയേറ്റ ഹിന്ദുക്കളുടെ താല്‍പര്യങ്ങളിലൊന്നാണ് അവര്‍ക്ക് പൗരത്വവും അംഗീകാരവും വേണമെന്നത്. അതുകൊണ്ടുതന്നെ എന്‍ആര്‍സിയും സിഎഎയും അവരുടെ പ്രധാന താല്‍പര്യങ്ങളിലൊന്നാണ്. ഈ മുദ്രാവാക്യം കുടിയേറ്റക്കാരായ ബംഗാളി ഹിന്ദുക്കളില്‍ വലിയ സ്വാധീനം ചെലുത്തുന്നു. അവരുടെ പിന്തുണയുടെ കാരണങ്ങളിലൊന്നും അതാണ്.
എന്നാല്‍ ഗോത്രവര്‍ഗതാല്‍പര്യങ്ങള്‍ നേരെ വിപരീതമാണ്. ആദ്യകാലം മുതലേ പൗരത്വ രജിസ്റ്റര്‍ വേണമെന്ന ആവശ്യക്കാരാണ് ഗോത്രവര്‍ഗക്കാര്‍. അവരുടെ പാര്‍ട്ടികളുടെ താല്‍പര്യവും വ്യത്യസ്തമല്ല.
ത്രിപുരയില്‍ ഒരു ട്വിപ്ര ലാന്റ് വേണമെന്നാണ് അവരുടെ ആവശ്യം. അതിന്റെ ഭാഗമായി അവര്‍ ദീര്‍ഘകാലം വലിയ സായുധപോരാട്ടം തന്നെ സംഘടിപ്പിച്ചിട്ടുണ്ട്. 2018 തിരഞ്ഞെടുപ്പില്‍ പോലും ഇന്‍ഡീജിനിയസ് പീപ്പില്‍സ് ഫ്രണ്ട് ഓഫ് ത്രിപുര പോലുള്ള പാര്‍ട്ടികള്‍ ട്വിപ്ര ലാന്‍ന്റിനുവേണ്ടി ആവശ്യമുയര്‍ത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ട്വിപ്ര മോത എന്ന പേരില്‍ ഒരു ഐക്യമുന്നണിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്കായിരുന്നു ഭൂരിപക്ഷം. ത്രിപുര രാജ്യകുടുംബത്തിലെ അംഗമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ്ബര്‍മ്മയാണ് നേതാവ്. ബിജെപിയുടെ വലിയ എതിരാളികളുമാണ് ഇവര്‍. ഈ സാഹചര്യത്തിലാണ് ജമാതിയയുടെ ബിജെപി പ്രവേശം.
ട്വിപ്ര മോത മാര്‍ച്ച് 12ന് ഒരു റാലി നടത്തി. ഗോത്രവര്‍ഗക്കാര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്നായിരുന്നു ആവശ്യം. അതിനു തൊട്ടുപിന്നാലെയാണ് ജമാതിയ ബിജെപിയില്‍ ചേര്‍ന്നത്.
ജമാതിയ മുന്‍കാലങ്ങളില്‍ സിഎഎയ്ക്ക് എതിരായിരുന്നു. അതാകട്ടെ ബംഗാളി ഹിന്ദു കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള ബിജെപിയുടെ മുഖ്യമുദ്രാവാക്യവുമായിരുന്നു. സിഎഎ വഴി കുടിയേറ്റക്കാര്‍ക്ക് പൗരത്വം ഉറപ്പുവരുത്താമെന്ന വാഗ്ദാനം ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ആകര്‍ഷകമാണ്. ഈ മുദ്രാവക്യം മുന്നോട്ട് വച്ചതുകൊണ്ടുതന്നെ ഗോത്രവര്‍ഗപാര്‍ട്ടികള്‍ ബിജെപിയെ അനധികൃതകുടിയേറ്റക്കാരുടെ പാര്‍ട്ടിയെന്നാണ് വിളിക്കുന്നത്.
ജമാതിയതന്നെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ സുപ്രിംകോടതിയില്‍ കേസ് കൊടുത്തിട്ടുണ്ട്. അവരെ നാടുകടത്തണമെന്നാണ് ആവശ്യം.
നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ സിറ്റിസന്‍ ഫോര്‍ ത്രിപുര എന്ന പേരില്‍ അസം മാതൃകയില്‍ രജിസറ്റര്‍ തയ്യാറാക്കണമെന്നും പറയുന്നു. അതുവഴി നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കാം. ഓരോരുത്തരോടും 1971നു മുമ്പ് ത്രിപുരയിലെത്തിയവരാണെന്ന് തെളിയിക്കാനാണ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജമാതിയയുടെ നിലപാട് കുറച്ചുകൂടെ കടുപ്പമായിരുന്നു. 1948 ജൂലൈ 19നു മുമ്പുള്ളവരെ മാത്രമേ യഥാര്‍ത്ഥ ത്രിപുരക്കാരായി കാണാന്‍ കഴിയൂ എന്നാണ് വാദം.
പക്ഷേ, ബിജെപിയില്‍ ചേര്‍ന്നതോടെ അവര്‍ സിഎഎയുടെ കാര്യത്തില്‍ നിശബ്ദയാണ്. പൗരത്വ രജിസറ്റര്‍ വേണമെന്നും സിഎഎയുടെ കാര്യം മിണ്ടാതിരിക്കലുമാണ് പുതിയ തന്ത്രം. അതായത് ഒരു വിഭാഗത്തെ മാത്രം പുറത്താക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. മുന്‍കാലങ്ങളിലെ നിലപാടുകളില്‍നിന്നുള്ള വ്യക്തമായ വ്യതിയാനം. എന്‍ആര്‍സി എല്ലാ തരം കുടിയേറ്റക്കാരെയും പുറത്താക്കുമ്പോള്‍ സിഎഎ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നു. ഗോത്രവര്‍ഗക്കാരിലേക്ക് ഹിന്ദുത്വത്തിന്റെ പടര്‍ന്നുകയറ്റത്തിന്റെ ഒരു രീതിശാസ്ത്രം ഇതാണ്.