നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പ്രതികള്‍ തിരുനെല്‍വേലിയില്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനില്‍ (19), വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്.

Update: 2020-10-07 13:55 GMT

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനില്‍ (19), വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമ്പാശ്ശേരി സ്വദേശി ജിസ്‌മോന്‍ കുത്തേറ്റ് മരിച്ചത്.

നെടുമ്പാശ്ശേരി കയ്യാലപ്പടിയില്‍ വച്ചാണ് ജിസ്‌മോന് കുത്തേറ്റത്. ജിസ്‌മോനും പ്രദേശത്തെ മറ്റൊരു കഞ്ചാവ് വില്‍പ്പന സംഘവും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലിസ് നിഗമനം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ജിസ്‌മോനെ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് സമീപത്തുള്ളവര്‍ ഓടി വരുന്നത് കണ്ട് പ്രതികള്‍ രക്ഷപെട്ടു. സംഭവ സ്ഥലത്ത് നിന്നും ഇവര്‍ വന്ന ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

വാഹന മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട ജിസ്‌മോന്‍. വാഹനാപകടത്തെ തുടര്‍ന്ന് ഒരു കൈ മുറിച്ച് മാറ്റിയിരുന്നു. ഇതിനുശേഷമാണ് കഞ്ചാവ് വില്‍പ്പന തുടങ്ങിയത്.

Tags:    

Similar News