കോടിയേരി നാളെ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക്; പുതിയ പാര്‍ട്ടി സെക്രട്ടറി പ്രഖ്യാപനം ഉടന്‍

എംവി ഗോവിന്ദന്‍ പരിഗണനയില്‍

Update: 2022-08-28 06:36 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ മാറും. അനാരോഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം. എംവി ഗോവിന്ദനാണ് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിര്‍ന്ന നേതാക്കളായ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം എംഎ ബേബി എന്നിവര്‍ കോടിയേരിയുമായി ചര്‍ച്ച നടത്തുകയാണ്. എകെജി സെന്ററിന് മുന്നിലെ ഫ്‌ലാറ്റിലേക്ക് എത്തിയാണ് മുതിര്‍ന്ന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. സെക്രട്ടറിയേറ്റ് ചേര്‍ന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യമന്ത്രിയടക്കം എത്തിയതെന്നാണ് വിവരം. യോഗത്തില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല.

ചികിത്സയുടെ പേരില്‍ മാറി നില്‍ക്കാനില്ലെന്നും സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയാമെന്നുമുള്ള നിലപാടാണ് കോടിയേരി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവധിയിലേക്ക് പോയാല്‍ പോരെ എന്ന് നേതൃത്വം കോടിയേരിയോട് ആരാഞ്ഞു. എന്നാല്‍ ഒഴിയാമെന്നതില്‍ കോടിയേരി ഉറച്ച് നില്‍ക്കുകയായിരുന്നു. നാളെ അദ്ദേഹം ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. 

Tags:    

Similar News