പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടെത്തേണ്ടത് കേരളത്തിന്റെ ആവശ്യം: എ സി മൊയ്തീന്‍

Update: 2020-06-20 14:17 GMT

തൃശൂര്‍: കൊവിഡിന്റെ സാഹചര്യത്തില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. പലരും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടിലേക്ക് തിരിച്ചു വരുന്നത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി ജോലി ചെയ്യുന്നവര്‍ എല്ലാം ഉപേക്ഷിച്ചാണ് നാട്ടിലെത്തുന്നത്. തിരിച്ചെത്തുന്നവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഭരണകൂടത്തിന് കഴിയണം. ഇതിന് സഹായകരമായ പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. പൊയ്യ ഗ്രാമ പഞ്ചായത്ത് എരട്ടപ്പടി വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊവിഡ് ഭീഷണിയുടെ കാലത്ത് നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമായി തൊഴിലവസരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. പുതിയ സംരംഭങ്ങളിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കും. കൊവിഡ് കാലത്തും ഇതിനായുള്ള നടപടികളുമായി നമ്മുടെ ഗവണ്മെന്റ് മുന്നോട്ട് പോവുകയാണ്. ഒരു വ്യവസായ സംരംഭം തുടങ്ങുമ്പോള്‍ തന്നെ വിവിധ പരാതികളുന്നയിച്ച് സ്‌റ്റോപ്പ് മെമ്മോ കൊടുക്കുന്ന ഒരു സമ്പ്രദായം നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. എങ്കില്‍ മാത്രമേ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതിലൂടെ തൊഴിലവസരങ്ങള്‍ കണ്ടെത്താനും കഴിയൂ. വ്യവസായ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ നിയമസംവിധാനങ്ങളാണ് നിലവിലുള്ളത്. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാതെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്നോട്ട് വരുന്നവര്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.

ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാനായി ഒരാഴ്ചക്കുള്ളില്‍ അനുമതി കൊടുക്കണം. നാനോ വ്യവസായം തുടങ്ങാന്‍ ലൈസന്‍സ് സംവിധാനത്തിന്റെ ആവശ്യമില്ല. ആയിരം പേരില്‍ അഞ്ചു പേര്‍ക്ക് പഞ്ചായത്ത് തൊഴില്‍ കണ്ടെത്തിക്കൊടുക്കണം. ഇതിന്റെ ഭാഗമായാണ് വിവിധ തൊഴില്‍ സംരംഭങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്നത്.

ഒരു സംരംഭം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി അവയ്ക്ക് വേണ്ട പരിഹാരം കണ്ടെത്താനും യൂണിറ്റിനെ വിജയത്തിലെത്തിക്കാനും കഴിയണം. മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ പുതിയ വിപണി കണ്ടെത്തി വിജയം കൈവരിക്കാനുള്ള സാഹചര്യത്തിലേക്ക് ഓരോ സംരംഭക യൂണിറ്റും വളര്‍ന്നു വരണം. അങ്ങനെ പുതിയ വ്യാവസായിക സംസ്‌ക്കാരത്തിന് തുടക്കമിടാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

വനിതാ വ്യവസായ യൂണിറ്റ് സംരംഭത്തിന്റെ ഉദ്ഘാടനം വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല്‍ സി പാത്താടന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍ കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി ഫ്രാന്‍സിസ്, വികസന സമിതി അധ്യക്ഷന്മാരായ പി എം അയ്യപ്പന്‍ കുട്ടി, സരോജ വേണു ശങ്കര്‍, സെക്രട്ടറി കെ സി അനിത തുടങ്ങിയവര്‍ പങ്കെടുത്തു. വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനം നല്‍കി സ്വയം സംരംഭകരാക്കുക എന്നതാണ് വനിതാ വ്യവസായ കേന്ദ്രത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ തയ്യല്‍ പരിശീലനമാണ് അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന് നല്‍കുക. ആറ് സംരംഭക യൂണിറ്റുകള്‍ക്ക് വേണ്ട സൗകര്യങ്ങളോടെയാണ് വ്യവസായ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 

Tags:    

Similar News