കൊവിഡ് 19: തൊട്ടുകൂടായ്മയുടെ പുതിയ മുഖം; ആരോഗ്യപ്രവര്‍ത്തകര്‍ക്കും എയര്‍ലൈന്‍ ജീവനക്കാര്‍ക്കുമെതിരേ വിവേചനം രൂക്ഷം
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, എയര്‍ലൈന്‍ ജോലിക്കാന്‍, ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരേയുള്ള ആക്രമണങ്ങളും വിവേചനങ്ങളും വ്യാപകമാവുകയാണ്.
ന്യൂഡല്‍ഹി: ഒരു ഭാഗത്ത് കൊവിഡ് ബാധയ്‌ക്കെതിരേ രാജ്യം യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ മറുഭാഗത്ത് ആരോഗ്യപ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നു. തൊട്ടുകൂടായ്മയുടെ പുതിയ മുഖമായി മാറിയിരിക്കുകയാണ് കൊവിഡ് 19. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, എയര്‍ലൈന്‍ ജോലിക്കാന്‍, ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാര്‍ തുടങ്ങി കൊറോണ ബാധയുമായി ബന്ധപ്പെട്ട് വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കെതിരേയുള്ള ആക്രമണങ്ങളും വിവേചനങ്ങളും വ്യാപകമാവുകയാണ്.
മനുഷ്യരെ ദൈവതുല്യമായി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് രാജ്യത്തെ ഏറ്റവും ഗുരുതരമായ പ്രശ്‌നമായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി മോദി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി.
സൂറത്തിലെ ഡോ. സഞ്ജീവ് ബാനി പാണിഗ്രാഹി ദീര്‍ഘനേരം നീണ്ടുനിന്ന ആശുപത്രി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ തന്റെ അപാര്‍ട്ട്്‌മെന്റിലേക്ക് കടക്കാന്‍ അയല്‍ക്കാര്‍ അനുവദിച്ചില്ല. അവര്‍ തുടര്‍ന്നും ആശുപത്രിയില്‍ ജോലി ചെയ്യുന്നത് അവര്‍ തടയുകമാത്രമല്ല, അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തന്നോട് മുന്‍കാലങ്ങളില്‍ സ്‌നേഹത്തോടെ പെരുമാറിയിരുന്നവരാണ് ഇപ്പോള്‍ പുറത്തെറിയുന്നതെന്ന് അവര്‍ വാര്‍ത്താഏജന്‍സികളോട് പറഞ്ഞു. നാട്ടുകാര്‍ക്ക് ഇപ്പോള്‍ തന്നോട് ഭയമാണെന്നും താന്‍ പെട്ടെന്ന് തൊട്ടുകൂടാത്ത ആളായി മാറിയെന്നും അവര്‍ പറഞ്ഞു.
എയിംസിലെ ഡോക്ടര്‍മാരുടെ സംഘടന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മറ്റ് ആശുപത്രി ജീവനക്കാരോടും വിവേചനം കാണിക്കുന്നതിനും അവരെ താമസസ്ഥലത്തുനിന്ന് പുറത്താക്കുന്നതിനുമെതിരേ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഒരുപാട് ഡോക്ടര്‍മാര്‍ അവരുടെ പെട്ടികളും കിടക്കകളുമായി റോഡില്‍ ഇറങ്ങിനില്‍ക്കുന്നുവെന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡോക്ടര്‍മാരെ ദൈവതുല്യരായി കാണണമെന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കിലും നടക്കുന്നത് മറ്റൊന്നാണ്.
ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രം വിവേചനങ്ങള്‍ ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് വസ്തുത. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന എയര്‍ലൈന്‍ ജോലിക്കാരും ഇതേ വിവേചനം നേരിടുന്നു. ഇന്റിഗൊ, എയര്‍ ഇന്ത്യ ജീവനക്കാരും ഇത്തരം വിവേചനങ്ങള്‍ക്കിരയായി. വീട് ആക്രമിക്കപ്പെടുമോ എന്ന് താന്‍ ഭയന്നതായി എയര്‍ഇന്ത്യയിലെ ഒരു ജീവനക്കാരി പറഞ്ഞതായി എഎഫ്പി റിപോര്‍ട്ട് ചെയ്തിരുന്നു. ഒടുവില്‍ അവരുടെ ഭര്‍ത്താവിന് പോലിസിനെ വിളിക്കേണ്ടിവന്നു. തനിക്ക് ഇത്തരം 50 പരാതികളെങ്കിലും കിട്ടിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ കൊലേഴ്‌സ്യല്‍ പൈലറ്റ് അസോസിയേഷന്‍ ജന. സെക്രട്ടറി ടി പ്രവീണ്‍ കീര്‍ത്തി പറയുന്നത്. എയര്‍പോര്‍ട്ട് ജോലിക്കാരും ഇതേ പ്രശ്‌നം അനുഭവിക്കുന്നു.
തങ്ങളുടെ ഡെലിവറി ജീവനക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫ്‌ലിപ്കാര്‍ട്ട് പ്രവര്‍ത്തനം തന്നെ നിര്‍ത്തിവച്ചു. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളും ഇതേ കാരണത്താല്‍ പൂട്ടിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനവും ഇതേ വിഭാഗത്തില്‍ വരും. കേരളത്തോട് കര്‍ണാടക പുലര്‍ത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ തൊട്ടുകൂടായ്മയാണ്.