മലപ്പുറം: ലോകത്തിലെത്തന്നെ വലുപ്പമേറിയ നിശാശലഭങ്ങളില്‍പ്പെടുന്ന 'അറ്റ്‌ലസ് മോത്ത്' എന്ന നാഗശലഭം കിണറടപ്പിലെ വീട്ടുമുറ്റത്ത് വിരുന്നെത്തിയത് കൗതുക കാഴ്ചയായി.
കിണറടപ്പിലെ കൃഷ്ണൻ എരഞ്ഞിക്കലിൻ്റെ വീട്ടിലാണ് ശലഭം എത്തിയത്.
വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്ലസ് മോത്ത് (Attacus atlas) . മുൻചിറകുകളുടെ അഗ്രഭാഗത്തു പാമ്പിന്റെ തലയോട് സാമ്യമുള്ള ഡിസൈൻ ഉള്ളത് കൊണ്ട് ഈ moth സ്‌നേക് ഹെഡ് എന്ന് അറിയപ്പെടാറുണ്ട്.. ഈ ഡിസൈൻ ശത്രുക്കളിൽ നിന്നു രക്ഷപെടാൻ അവയെ സഹായിക്കുന്നു. അറ്റ്ലസ് ശലഭത്തിന്റെ ഉപവർഗമായി കണക്കാക്കിയിരുന്ന Attacus taprobanis ആണ് ദക്ഷിണ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നത്. നമ്മുടെ നാട്ടിൽ ഇവ സർപ്പശലഭം എന്നാണ് അറിയപ്പെടുന്നത്.
നിശാശലഭങ്ങളുടെ ശരീരത്തിലും സ്പർശിനികളിലും (ആന്റിന)പൂമ്പാറ്റകളുടേതിനേക്കാൾ കൂടുതൽ നനുത്ത രോമങ്ങൾ കാണപ്പെടാറുണ്ട്. നിശാശലഭങ്ങൾ പൊതുവേ മങ്ങിയ തവിട്ട് കലർന്ന നിറങ്ങളിലാണ് കാണപ്പെടുക. ശലഭങ്ങൾ അവയുടെ കാലിലുള്ള ടേസ്റ്റ് സെൻസേർസ് വഴിയാണ് രുചി അറിയുന്നത്. അവയുടെ ലാർവകൾക്ക് കഴിക്കാൻ പറ്റിയ ഇലകളിൽ മുട്ട ഇടാൻ സഹായിക്കുന്നതും ഈ ടേസ്റ്റ് സെൻസേർസ് ആണ്.
നിശാശലഭമായ അറ്റ്ലസ് മോത്ത് ഏഷ്യൻ നിത്യഹരിത വനങ്ങളിൽ ആണ് പൊതുവേ കാണപ്പെടുക. അവയ്ക്ക് തവിട്ട് കലർന്ന ചുവപ്പ് നിറമാണുള്ളത്. ചിറകുകളിൽ ത്രികോണാകൃതിയിലുള്ള ഡിസൈനും കാണാം. ഇരു ചിറകുകളും വിരിച്ചു വെച്ചാൽ 240മില്ലിമീറ്ററോളം നീളം ഉണ്ടാകും. അവയുടെ പുഴു ജീവിതം നാല് ആഴ്ചയോളം നീളുന്നതാണ്.
ലാർവയിൽ നിന്നു വിരിഞ്ഞിറങ്ങുന്ന അറ്റ്ലസ് മോത്തുകൾക്ക് വായ ഉണ്ടാകില്ല എന്നതാണ് 12ദിവസത്തോളം നീളുന്ന അവയുടെ ശലഭ ജീവിതത്തിൽ അവ ഒരിക്കൽ പോലും ഭക്ഷണം കഴിക്കില്ല. പുഴുവായിരിക്കുമ്പോൾ തന്നെ അവയുടെ ശലഭ ജീവിതത്തിനു ആവശ്യമായ അത്രയും ഊർജം, ഇലകൾ കഴിച്ചു സംഭരിച്ചു വെക്കും !!വിരിഞ്ഞിറങ്ങിയ ശേഷം ഊർജ്ജനഷ്ടം ഒഴിവാക്കാൻ അവ അധികം ദൂരം പറക്കാറില്ല.
പൂർണ വളർച്ചയെത്തിയ മോത്തുകൾ ആയിട്ടാണ് ഇവ വിരിഞ്ഞിറങ്ങുക.. ഇണ ചേർന്ന് മുട്ട ഇടുക മാത്രമാണ് വെറും പന്ത്രണ്ട് ദിവസങ്ങളോളം ആയുസ്സുള്ള ഈ ശലഭങ്ങളുടെ ജീവിത ലക്ഷ്യം.