തൃശൂര്‍: ചാവക്കാട് പെരിങ്ങാട് പുഴയുടെ തണ്ണീര്‍തട പ്രദേശങ്ങളും കണ്ടല്‍കാടുകളും സംരക്ഷിക്കാനായി തൃശൂര്‍ രാമനിലയത്തില്‍ വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അതീവ ദുര്‍ലഭമായ പാരിസ്ഥിതിക സവിശേഷതകള്‍ ചേര്‍ന്ന ഭൂപ്രദേശം ആയതിനാല്‍ അനന്തമായ ടൂറിസം സാധ്യതകള്‍
ഇവിടെയുണ്ടെന്നും, പരിസ്ഥിതി സംരക്ഷണവും ടൂറിസവും കൈകോര്‍ത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഉള്ള സാധ്യതകള്‍ തേടുമെന്നും വനംവകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 700 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടന്നിരുന്ന കണ്ടല്‍കാടുകള്‍ ഇന്ന് വെറും 24 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയിരിക്കുന്നു. വിവിധയിനം പക്ഷികളുടെയും മത്സ്യങ്ങളുടെയും പ്രജനന കേന്ദ്രം കൂടിയാണ് ഈ കണ്ടല്‍വനങ്ങള്‍. മാത്രമല്ല സുനാമി, കൊടുംകാറ്റ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളില്‍നിന്നും തീരദേശത്തെ സംരക്ഷിക്കുന്ന സ്വാഭാവിക കവചം കൂടിയാണ് ഈ പ്രദേശം.
ചാവക്കാട് പെരിങ്ങാട് പുഴയുടെ 234.18 വിസ്തൃതിയിലുള്ള തണ്ണീര്‍തട പ്രദേശങ്ങളാണ് റവന്യു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നത്.സര്‍ക്കാര്‍ രേഖയില്‍ പുഴ പുറമ്പോക്ക് ഭാഗങ്ങള്‍ എന്ന അടയാളപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശത്ത് നല്ല അളവില്‍ കണ്ടല്‍ കാടുകളുണ്ട്. കേരള സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിനായി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ പി എം പ്രഭുവാണ് പദ്ധതി അവതരിപ്പിച്ചത്.കണ്ടല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ കായലില്‍ ക്രമാതീതമായി ചെളി അടിഞ്ഞു കൂടി
പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.കൃത്യമായി കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് ഈ പാരിസ്ഥിതിക പ്രശ്‌നത്തെയും മറികടക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന്റെ മുന്‍ മാതൃകകളും
പദ്ധതി വിവരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
തിരിച്ചു പിടിക്കുന്ന റവന്യൂ ഭൂമിയില്‍ ആദിവാസി മേഖലയിലെ ഭൂരഹിതരെ പുനരധിവസിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് ബി.ഡി.ദേവസി എംഎല്‍എ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍. മണലൂര്‍ എം എല്‍ എ മുരളി പെരുനെല്ലി എന്നിവര്‍ക്കൊപ്പം സോഷ്യല്‍ ഫോറസ്റ്ററി ഉദ്യോഗസ്ഥരും വിദഗ്ധരും യോഗത്തില്‍ പങ്കെടുത്തു.