'എന്റെ പൈതൃകം': മുസിരിസ് പൈതൃക പദ്ധതിയുടെ സംസ്ഥാനതല മൊബൈൽ ഫോട്ടോഗ്രാഫി/ പെൻസിൽ ചിത്രരചന മത്സരം നീട്ടി
തൃശൂർ: എന്റെ പൈതൃകം എന്ന പേരിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മുസിരിസ് പൈതൃക പദ്ധതി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന മൊബൈൽ ഫോട്ടോഗ്രാഫി/ പെൻസിൽ ചിത്രരചനാ മത്സരങ്ങളുടെ തീയതി നീട്ടി. മത്സരത്തിനുള്ള ചിത്രങ്ങളും മൊബൈൽ ഫോട്ടോയും വിവരണം സഹിതം അയക്കേണ്ട തീയതി മെയ് 31 വരെ നീട്ടിയതായി പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.
കേരളത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ പൈതൃക കാഴ്ചകൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് മുസിരിസ് പൈതൃക പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിയ്ക്ക് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയും മോമന്റോകളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ വിജയികൾക്ക് അവരുടെ കുടുംബത്തിനൊപ്പം മുസിരിസ് പദ്ധതിയുടെ വിനോദസഞ്ചാര പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് താമസസൗകര്യത്തോടു കൂടിയ ഒരുദിവസത്തെ പൈതൃക ബോട്ട് യാത്രയും ഒരുക്കും.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം മാത്രമാണ് മത്സരത്തിനായി ഉൾപ്പെടുത്തിയിരിക്കുന്ന വിഷയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037252480, 8075073938.