കൊവിഡ് പ്രതിരോധം : തൃശൂർ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു

Update: 2021-05-06 12:27 GMT

തൃശൂർ: കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് തദ്ദേശ സ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രോഗവ്യാപനം കുറക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിനാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചത്.

തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌കുകളുടെ ഏകോപനം, എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകളുടെ ഏകോപനം, വാര്‍ഡ്തല സമിതികളുടെയും ആര്‍,ആര്‍,ടികളുടെയും ആരോഗ്യ ജാഗ്രതാ സമിതികളുടെയും ഏകോപനം, കമ്മ്യൂണിറ്റി സര്‍വേലന്‍സ്, കമ്മ്യൂണിറ്റി കൗണ്‍സിലിംഗ്, ഭക്ഷ്യകിറ്റ് വിതരണം, സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കല്‍, ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ഏകോപിപ്പിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തി കൃത്യമായ പ്രതിരോധം തീര്‍ത്ത് രോഗ വ്യാപനം തടയുകയെന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം.

അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫീസര്‍മാര്‍ ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങളും കണ്ടെത്തിയ പ്രശ്‌നങ്ങളും പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും അറിയിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ബെഡുകളുടെ ലഭ്യത, കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധന, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സ്റ്റാഫുകളുടെ ദൗര്‍ലഭ്യം തുടങ്ങിയ വിവരങ്ങള്‍ നോഡല്‍ ഓഫീസര്‍ പരിശോധിക്കും.

Similar News