യോഗ്യതകള്‍ വ്യാജം; കാര്‍ഷിക സര്‍വ്വകലാശാല വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് മാര്‍ച്ച്
തൃശൂര്‍: വിസി നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച യോഗ്യതകള്‍ വ്യാജമാണെന്നും കാര്‍ഷിക സര്‍വ്വകലാശാല വിസിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് തൃശൂര്‍ ജില്ലാ കമ്മിറ്റി കാര്‍ഷിക സര്‍വകലാശാലയിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം അല്‍ ബിലാല്‍ സലീം ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് വിദ്യാര്‍ഥികളെയും അധികാരികളെയും കബളിപ്പിക്കുന്ന ചന്ദ്രശേഖരനെ പോലെയുള്ളവരെ പുറത്താക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ കാംപസ് ഫ്രണ്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ സഹദ് കെ എച്ച്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഹബീബ് വലപ്പാട്, സാലിഹ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.