തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണ കിറ്റില്‍ മധുരവുമായി കുടുംബശ്രീ. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്കാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണകിറ്റിലേക്കായി ശര്‍ക്കര വരട്ടി വിതരണം ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും നല്‍കി വരുന്ന അവശ്യ സാധനങ്ങള്‍ അടങ്ങിയ ഓണകിറ്റുകളിലാണ് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ശര്‍ക്കര വരട്ടിയുടെ 100 ഗ്രാം വീതമുളള പാക്കറ്റുകള്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലയിലെ 4 ഡിപ്പോകളില്‍ നിന്നുമായി 1,58,0000 പാക്കറ്റുകള്‍ക്കുളള ഓര്‍ഡറുകളാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സപ്ലൈകോ വഴി ലഭിച്ച ഈ ഓര്‍ഡര്‍ വലിയൊരു ആശ്വാസമായിരിക്കുകയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മുപ്പതോളം സംരംഭക യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ചിപ്പ്‌സുകള്‍ തയ്യാറാക്കി വിതരണം ചെയ്തു വരുന്നത്. സപ്ലൈകോയില്‍ നിന്നും തുടര്‍ന്നും ഇത്തരത്തിലുളള ബള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് കുടുംബശ്രീ സംരംഭകര്‍.